kerala
64-മത് സംസ്ഥാന സ്കൂൾ കായികോത്സവം; 20 പോയിന്റുമായി പാലക്കാട് മുമ്പിൽ
തിരുവനന്തപുരം: 64-മത് സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ 20 പോയിന്റുമായി പാലക്കാട് ജില്ല മുമ്പിൽ. മൂന്ന് സ്വർണവും, ഒരു വെള്ളി, രണ്ട് വെങ്കലവുമാണ് ഇതുവരെ പാലക്കാട് ജില്ല നേടിയത്. 11 പോയിന്റുമായി എറണാകുളം ജില്ല രണ്ടാം സ്ഥാനത്താണ്. ഒരു സ്വർണവും രണ്ട് വെള്ളിയുമാണ് എറണാകുളം ജില്ല നേടിയത്. ഒരു സ്വർണം ഒരു വെള്ളിയുമടക്കം എട്ട് പോയിന്റുമായി തൃശൂർ ജില്ലയാണ് മൂന്നാം സ്ഥാനത്ത്.
3000 മീറ്റർ സീനിയർ വിഭാഗം ഓട്ടത്തിൽ ഇരട്ടക്കുട്ടികൾക്കാണ് വിജയം.
പാലക്കാട് മുണ്ടൂർ എച്ച് എസ്സിലെ അലന്യയും അനന്യയുമാണ് വെള്ളിയും വെങ്കലവും നേടിയത്. സീനിയർ പെൺകുട്ടികളുടെ ലോങ്ജംപിൽ തൃശൂർ നാട്ടിക ഫിഷറീസ് സ്കൂളിലെ ശിവപ്രിയ സ്വർണം നേടി. ജൂനിയർ ഷോട്ട്പുട്ട് ആൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയം സ്വർണം നേടി. ചിറക്കടവ് എൻഎസ്എസ് എസ് വി എച്ച് എസിലെ ശിവനന്ദ് ആർ ശേഖറാണ് കോട്ടയത്തിനായി സ്വർണം നേടിയത്.
പോൾ വാൾട്ട് സീനിയർ ഗേൾസ് വിഭാഗം മത്സരത്തിൽ എറണാകുളത്തിന് സ്വർണ്ണം. മാർ ബേസിൽ സ്കൂളിലെ ആരതി എസ് ആണ് പോൾ വോൾട്ടിൽ സ്വർണം നേടിയത്. സബ് ജൂനിയർ ഗേൾസ് ഡിസ്ക്കസ് ത്രോയിൽ കാസർഗോഡ് ജി എച്ച് എസ് എസ് കുട്ടമത്ത് സ്കൂളിലെ വിദ്യാർത്ഥിനി പാർവ്വണ ജിതേഷ് സ്വർണ്ണം നേടി.
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് കായികോത്സവം സംഘടിപ്പിച്ചത്. കൊവിഡ് മഹാമാരിക്ക് ശേഷമുളള ആദ്യ കായികോത്സവമാണിത്. ആറ് കാറ്റഗറികളിലായി 2737 വിദ്യാർത്ഥികളാണ് മത്സര രംഗത്തുളളത്. മത്സരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.