കലോത്സവത്തിനിടെ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം: അധ്യാപകനെതിരെ പോക്‌സോ കേസ്
കൊല്ലം: ഉപജില്ലാ കലോത്സവത്തിനിടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. കൊല്ലം കടയ്ക്കല്‍ സ്വദേശി യൂസഫിനെതിരെയാണ് കേസ്. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ബസില്‍ ഭക്ഷണശാലയിലേക്ക് പോകുന്നതിനിടെയാണ് വിദ്യാര്‍ത്ഥിനിക്കു നേരെ അധ്യാപകന്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായതെന്ന് പരാതിയില്‍ പറയുന്നു. വിവരം മറ്റ് അധ്യാപകരോട് പറയുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഒളിവില്‍ പോയ അധ്യാപകനായി തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
എറണാകുളം തൃപ്പൂണിത്തുറയില്‍ കലോത്സവത്തിന് പോയി മടങ്ങവെ വാഹനത്തില്‍ വെച്ച് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവരം മറച്ചുവെച്ച് അധ്യാപകനെ സംരക്ഷിക്കാന്‍ ശ്രമിച്ചതിന് സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും മറ്റ് മൂന്ന് അധ്യാപകരെയും പൊലീസ് അറസ്റ്റ് ചെയ്തു. കലോത്സവത്തില്‍ പങ്കെടുക്കാന്‍ തന്നോടൊപ്പം വന്ന വിദ്യാര്‍ത്ഥിനിക്ക് നേരെയായിരുന്നു അധ്യാപകനായ കിരണ്‍ ലൈംഗികാതിക്രമം നടത്തിയത്.