ഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ സഹോദരനും കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ ആസിഫ് മുഹമ്മദ് ഖാൻ ഡൽഹിയിൽ അറസ്റ്റിൽ. പൊലീസിനെ ആക്രമിച്ചെന്നും മോശമായി പെരുമാറിയെന്നും കുറ്റം ചുമത്തിയാണ് അറസ്റ്റ്.
ഡൽഹി ശഹീൻബാഗ് മേഖലയിൽ കഴിഞ്ഞ ദിവസം ആസിഫ് മുഹമ്മദ് ഖാന്‍റെ നേതൃത്വത്തിൽ പൊതുപരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിന് അനുമതിയില്ലെന്ന് കാട്ടി പൊലീസ് ഇടപെട്ടു. തുടർന്ന് ആസിഫ് മുഹമ്മദ് ഖാൻ പൊലീസിനെ ആക്രമിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് കേസ്.
ആസിഫ് മുഹമ്മദ് ഖാനോടൊപ്പം രണ്ട് പേരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എ.എ.പി അംഗം വോട്ടിന് പണം നൽകുന്നതറിഞ്ഞാണ് താൻ എത്തിയതെന്നും അതിനെതിരെ സംസാരിച്ചപ്പോഴാണ് പൊലീസ് തടഞ്ഞതെന്നും ആസിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പൊലീസുമായുള്ള വാക്കേറ്റത്തിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു.