kerala
'സിപിഐഎം കൊടുത്ത ഭിക്ഷയാണ് ജീവിതം'; കെ സുധാകരന് എതിരെ കൊലവിളി പ്രസംഗവുമായി സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി
കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കൊലവിളി പ്രസംഗവുമായി സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി. കൊലപാതക രാഷ്ട്രീയത്തിനെതിരെ ഇടുക്കി ചെറുതോണിയില്‍ നടത്തിയ പ്രതിഷേധ സംഗമത്തില്‍ ആയിരുന്നു ഇടുക്കി ജില്ല സെക്രട്ടറി സി വി വര്‍ഗീസ് കെ സുധാകരന് എതിരെ വധഭീഷണി മുഴക്കിയത്.
'സുധാകരന് സിപിഐഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നായിരുന്നു ഇടുക്കി ജില്ല സെക്രട്ടറി സി വി വര്‍ഗീസിന്റെ വാക്കുകള്‍. ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താല്‍പര്യം ഇല്ലാത്തതു കൊണ്ടാണെന്നും പൊതുസമ്മേളത്തില്‍ ജില്ലാ സെക്രട്ടറി അവകാശപ്പെട്ടു. കണ്ണൂരില്‍ നിന്ന് വളര്‍ന്ന വന്നയാളാണ് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അവകാശവാദം. എന്നാല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നല്‍കിയ ദാനമാണ്, ഭിക്ഷയാണ് ഈ ജീവിതമന്ന് കോണ്‍ഗ്രസുകാര്‍ മറക്കരുത് എന്നും സിപിഐഎം ജില്ലാ സെക്രട്ടറി പ്രസംഗത്തില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ് ഇടുക്കിയില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. കെപിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെ ഈ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. പരിപാടികളില്‍ രൂക്ഷമായ വിമര്‍ശനമായിരുന്നു സിപിഐഎമ്മിനെതിരെ കെ സുധാകരന്‍ ഉന്നയിച്ചത്. ഇതിന് മറുപടി എന്ന നിലയ്ക്കാണ് സിപിഐഎം ചെറുതോണിയില്‍ പൊതുയോഗം സംഘടിപ്പിച്ചതും ഇടുക്കി ജില്ലാ സെക്രട്ടറിയുടെ കൊലവിളി പ്രസംഗവും എന്നാണ് റിപ്പോര്‍ട്ടുകള്‍.