national
വിദ്യാർത്ഥികൾക്കൊപ്പം പൂണെ മെട്രോയിൽ യാത്ര ചെയ്ത് മോദി; ഞായറാഴ്ചയും സ്കൂളോ എന്ന് ബി.വി.ശ്രീനിവാസ്
മഹാരാഷ്ട്ര: സ്കൂൾ കുട്ടികൾക്കൊപ്പം പൂണെ മെട്രോയിൽ യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വെെറലായിക്കൊണ്ടിരിക്കുന്നത്. പൂണെ മെട്രോ റെയിൽ പദ്ധതി ഉദ്ഘാടനത്തിനു ശേഷം വിദ്യാർഥികൾക്കൊപ്പം യാത്ര ചെയ്യുന്ന ചിത്രം നരേന്ദ്ര മോദി തന്നെയാണ് ട്വിറ്ററിലൂടെ പങ്ക് വച്ചിരിക്കുന്നത്. എന്റെ യുവ സുഹത്തുക്കൾക്കൊപ്പം പൂണെ മെട്രോയിൽ എന്ന കുറിപ്പോടെയായിരുന്നു ചിത്രം.
എന്നാൽ ചിത്രത്തെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് യൂത്ത് കോൺഗ്രസ്സ്. ഞായറാഴ്ചകളിലും സ്കൂളിൽ പോവുമോ നമ്മൾ, അതിശയമായിരിക്കുന്നു എന്നായിരുന്നു യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി.ശ്രീനിവാസിന്റെ ട്വീറ്റ്. ഞായറാഴ്ചയും യൂണിഫോമിട്ട് വിദ്യാർഥിത്ഥികളെ എത്തിച്ച് പരിപാടി നടത്തിയതിനെയും പലരും വിമർശിക്കുന്നു. പാഠങ്ങൾ തീർക്കാനുള്ളത് കൊണ്ട് ഞായറാഴ്ചയും പ്രത്യേക ക്ലാസുകൾ ഉണ്ടാവാമെന്നും ചിലർ പറയുന്നു.
അതേസമയം കുട്ടികളോട് സംവദിക്കുമ്പോൾ മോദി കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനെയും വിമർശിക്കുകയാണ് ചിലർ. വിദ്യാർഥിത്ഥികളൊക്കെയും മാസ്ക് ധരിച്ചിട്ടും മോദി മാസ്ക് ധരിച്ചിട്ടില്ല. കുട്ടികളോട് മാസ്ക് ധരിക്കാൻ പറഞ്ഞ പ്രധാനമന്ത്രി മാത്രം മാസ്ക്കില്ലാതെ ഇരിക്കുന്നത് ശരിയാണോ എന്നും പലരും ചോദിക്കുന്നു.
32.2 കിലോമീറ്റർ നീളമുള്ള പൂണെ മെട്രോ റെയിൽ പദ്ധതിയുടെ 12 കിലോമീറ്റർ ദൂരമാണു പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തത്. വനസ് മുതൽ ഗാർവെയർ കോളജ് മെട്രോ സ്റ്റേഷൻ വരെ, പിസിഎംസി മുതൽ ഫുഗേവാഡി മെട്രോ സ്റ്റേഷൻ വരെ എന്നിങ്ങനെ രണ്ട് റൂട്ടുകളിലായാണ് പൂണെ മെട്രോ സർവീസ് നടത്തുന്നത്.
2016 ഡിസംബർ 24 നായിരുന്നു പ്രധാനമന്ത്രി പൂണെ മെട്രോ പദ്ധതിക്കു തറക്കല്ലിട്ടത്. 11,400 കോടി രൂപയാണു പദ്ധതിയുടെ ആകെ ചെലവ്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഗാർവെയർ മെട്രോ സ്റ്റേഷനിൽനിന്ന് ആനന്ദനഗർ സ്റ്റേഷൻ വരെ പ്രധാനമന്ത്രി മെട്രോയിൽ യാത്ര ചെയ്തു. മെട്രോ യാഥാർത്ഥ്യമായതോടെ പുണെയിലെ ജനങ്ങൾക്കു സൗകര്യപ്രദവും സുഖപ്രദവുമായ യാത്ര ഉറപ്പായെന്ന് പ്രധാനമന്ത്രി നരേന്ദ മോദി പറഞ്ഞു.