Headlines
Loading...
റെക്കോര്‍ഡ് തുകയ്ക്ക് 'ഭീഷ്മപര്‍വ്വ'ത്തിന്റെ റിലീസ് ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലും; മലയാളത്തില്‍ ഇതാദ്യം

റെക്കോര്‍ഡ് തുകയ്ക്ക് 'ഭീഷ്മപര്‍വ്വ'ത്തിന്റെ റിലീസ് ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലും; മലയാളത്തില്‍ ഇതാദ്യം

രാജ്യത്തിന് അകത്തും പുറത്തും മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ് 'ഭീഷ്മപര്‍വ്വം'. സിനിമയുടെ ഓസ്‌ട്രേലിയ-ന്യൂസീലാന്റ് രാജ്യങ്ങളിലെ റിലീസ് അവകാശം റെക്കോര്‍ഡ് തുകയ്ക്ക് വിറ്റു പോയിരിക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഒരു മലയാള സിനിമയ്ക്ക് ഇതുവരെ ലഭിച്ചതില്‍ വച്ച് ഏറ്റവും വലിയ തുകയാണ് ഭീഷ്മപര്‍വ്വത്തിന് ലഭിച്ചതെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.
എംകെഎസ് ഗ്രൂപ്പാണ് ഓവര്‍ സീസ് റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയത് മുതല്‍ വലിയ പ്രതികരണമാണ് ലഭിക്കുന്നതെന്ന് എംകെഎസ് ഗ്രൂപ്പ് അറിയിച്ചു. ഇന്ത്യന്‍ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ റിലീസാണ് ചിത്രത്തിനായി തയ്യാറാകുന്നതെന്ന് വിതരണക്കാര്‍ പറയുന്നു.

മാര്‍ച്ച് മൂന്നിനാണ് ഭീഷ്മപര്‍വ്വം റിലീസ് ചെയ്തത്. ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ അറിയിച്ചുകൊണ്ടുള്ള ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ട്വിറ്ററില്‍ പങ്കുവച്ച 'ഫ്രൈ ഡേ മാറ്റിനി'യുടെ റിപ്പോര്‍ട്ടില്‍ 3.676 കോടി രൂപയാണ് ആദ്യ ദിവസം കേരളത്തില്‍ നിന്നും നേടിയത്. 1,179 ഷോകള്‍ ട്രാക്ക് ചെയ്തതില്‍ നിന്നാണ് ഈ കണക്ക്. 2,57,332 പേര്‍ ഭീഷ്മപര്‍വ്വം കണ്ടതായും റിപ്പോര്‍ട്ടുണ്ട്. ഫ്രൈഡേ മാറ്റിനിയുടെ ട്രാക്കിംഗിലെ എക്കാലത്തെയും മികച്ച കണക്കുകളാണ് ഒരൊറ്റ ദിവസത്തിനുള്ളില്‍ ഭീഷ്മപര്‍വ്വം നേടികൊടുത്തതെന്നും ട്വീറ്റില്‍ പറയുന്നു.

1980കളിലെ കൊച്ചിയുടെ പശ്ചാത്തലത്തിലാണ് സിനിമ കഥ പറയുന്നത്. അമല്‍ നീരദിന്റെ സംവിധാന മികവ് തന്നെയാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്. മൈക്കിള്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഡ്രാമ വിഭാഗത്തിലുള്ള ചിത്രമാണ് ഭീഷ്മപര്‍വ്വം.