Headlines
Loading...
ബീഫ് കഴിച്ചതിന്റെ പേരില്‍ മുസ്ലീമായ ജെഡിയു നേതാവിനെ തല്ലിക്കൊന്നു; പിന്നില്‍ സംഘപരിവാര്‍

ബീഫ് കഴിച്ചതിന്റെ പേരില്‍ മുസ്ലീമായ ജെഡിയു നേതാവിനെ തല്ലിക്കൊന്നു; പിന്നില്‍ സംഘപരിവാര്‍

ബീഹാറില്‍ ബീഫിന്റെ പേരില്‍ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു. ബീഹാറിലെ ഭരണ കക്ഷിയായ ജെഡിയുവിന്റെ പ്രാദേശിക നേതാവായ 35കാരന്‍ മുഹമ്മദ് ഖലീല്‍ ആലം എന്ന റിസ്വിയാണ് കൊല്ലപ്പെട്ടതെന്ന് ടെെംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കൊലപാതകത്തിന് പിന്നില്‍ പശു സംരക്ഷകരെന്നാണ് പ്രതിപക്ഷമായ ആര്‍ജെഡി ആരോപിച്ചു. ബീഹാറിലെ സമസ്തിപൂരിലാണ് സംഭവം. യുവാവിനെ കൊലപ്പെടുത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചുവെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതില്‍ പരാജയപ്പെട്ട കൊലപാതകികള്‍ മൃതദേഹം അടുത്തൊരു പുഴയ്ക്ക് സമീപമുള്ള സ്വകാര്യ കോഴി ഫാമില്‍ കുഴിയെടുത്ത് മൂടിയെന്നും വിവരമുണ്ട്.
 
ഖലീലിനെ കാണാനില്ലെന്ന് കഴിഞ്ഞ ഫെബ്രുവരി 18ന് സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സഹോദരനെ ഒരു കൂട്ടം തട്ടിക്കൊണ്ടുപോയി എന്നായിരുന്നു പരാതിയില്‍ ഉണ്ടായിരുന്നത്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കൊല്ലപ്പെടുന്നതിന് മുമ്പ് പകര്‍ത്തിയ ഖലീല്‍ ആലത്തിന്റെ ഒരു വീഡിയോ ബീഹാറിലെ പ്രധാന പ്രതിപക്ഷമായ ആര്‍ജെഡി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ചിട്ടുണ്ട്. പശുവിന്റെ പേരില്‍ സംസ്ഥാനത്ത് വീണ്ടും കൊലപാതകമെന്നും ബീഹാറിലെ ക്രമസമാധാന നില തകര്‍ന്നുവെന്നും ആര്‍ജെഡി ആരോപിച്ചു. തന്നെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഖലീല്‍ കൈകൂപ്പി അപേക്ഷിക്കുന്നതായി വീഡിയോയില്‍ കാണാം. എന്നാല്‍, ഇതില്‍ അക്രമികളെ കാണാന്‍ കഴിയില്ല. 

ഇവര്‍ ഖലീലിനോട് പശുവിനെ എവിടെ നിന്നാണ് അറുത്തതെന്നും ബീഫ് വില്‍പ്പനയ്ക്ക് കൂടെ മറ്റാരൊക്കെയുണ്ടെന്ന് വെളിപ്പെടുത്തണമെന്നും ഇവര്‍ ഖലീലിനോട് ആവശ്യപ്പെടുന്നതായി കേള്‍ക്കാം. തന്റെ ജീവിതത്തില്‍ എത്രതവണ ബീഫ് കഴിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തണമെന്നും മക്കളേയും കഴിപ്പിച്ചിട്ടുണ്ടോ എന്ന് വെളിപ്പെടുത്തണമെന്നും അക്രമികള്‍ ഖലീലിനോട് ആവശ്യപ്പെടുന്നു. താനിനി മേലില്‍ ബീഫ് കഴിക്കില്ലെന്ന് കൊല്ലപ്പെട്ട ഖലീല്‍ ആക്രമികളോട് ആണയിടുന്നതായും വീഡിയോയില്‍ ഉണ്ട്.

കഴിഞ്ഞ ഫെബ്രുവരി 16നാണ് ഖലീലിനെ കാണാതായത്. ഇതിന് പിന്നാലെ ഇയാളെ വിട്ടയക്കാന്‍ നാല് ലക്ഷം രൂപ നല്‍കണം എന്നാവശ്യപ്പെട്ട് കുടുംബത്തിന് ഭീഷണി സന്ദേശങ്ങള്‍ വന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു സഹോദരന്‍ കേസ് നല്‍കിയത്. സ്വകാര്യ പക്ഷി ഫാമില്‍ നിന്നും കണ്ടെത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി കുടുംബത്തിന് വിട്ടു നല്‍കി.