Headlines
Loading...
മണിപ്പൂർ ആദ്യഘട്ട തെരഞ്ഞെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പ് സ്ഫോടനം; ആറ് വയസുള്ള കുട്ടി അടക്കം രണ്ടുപേർ കൊല്ലപ്പെട്ടു

മണിപ്പൂർ ആദ്യഘട്ട തെരഞ്ഞെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പ് സ്ഫോടനം; ആറ് വയസുള്ള കുട്ടി അടക്കം രണ്ടുപേർ കൊല്ലപ്പെട്ടു

മണിപ്പൂ‍ർ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന സ്ഫോടനത്തിൽ ആറ് വയസുള്ള കുട്ടി അടക്കം രണ്ടുപേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരുക്ക്. ചുരാചാന്ദ്പുര്‍ ജില്ലയിലാണ് സ്‌ഫോടനമുണ്ടായത്. മാംഗ്മില്‍ലാല്‍ (6), ലാങ്ങിന്‍സാങ് (22) എന്നിവരാണ് മരിച്ചത്. വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന മോര്‍ട്ടാര്‍ ഷെല്ല് കുട്ടികള്‍ കളിക്കുന്നതിനിടെ പൊട്ടിത്തെറിച്ചതായാണ് സംശയിക്കുന്നത്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. മണിപ്പൂരിലെ ആദ്യഘട്ട പോളിംഗിന് വെറും 48 മണിക്കൂര്‍ അവശേഷിക്കെയാണ് മണിപ്പൂരിനെ നടുക്കിയ സ്‌ഫോടനമുണ്ടാവുന്നത്. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് ഗ്രനേഡിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

യാദൃശ്ചികമായി ഉണ്ടായ സ്ഫോടനമെന്നാണ് സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത്. പരുക്കേറ്റ ഏഴോളം പേരെ ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഫോടനത്തിൽ ​ഗുരുതരമായി പരുക്കേറ്റ ആറു വയസ് പ്രായമുള്ള കുട്ടി ചികിത്സയിലിരിക്കെയാണ് മരിച്ചത്.മണിപ്പൂരിലെ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയുള്ള പ്രധാന സ്ഫോടനമാണിത്. 60 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ച് ജില്ലകളിലായി 38 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് തിങ്കളാഴ്ച നടക്കുക. 15 വനിതാ സ്ഥാനാര്‍ത്ഥികള്‍ അടക്കം 173 സ്ഥാനാര്‍ത്ഥികൾ മത്സരംരംഗത്തുണ്ട്. മണിപൂരിൽ 12,22,713 വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ പോളിങ് ബൂത്തിലേക്കെത്തുന്നത്. അതേസമയം സ്ഫോടനത്തില്‍ തീവ്രവാദ സംഘടനകള്‍ക്ക് ബന്ധമുള്ളതായി തോന്നുന്നില്ലെന്ന് ജില്ലാ കമ്മീഷ്ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.