Headlines
Loading...
ബജറ്റില്‍ പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും പരിഗണനയില്ല; വിമര്‍ശിച്ച് പ്രതിപക്ഷം

ബജറ്റില്‍ പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും പരിഗണനയില്ല; വിമര്‍ശിച്ച് പ്രതിപക്ഷം

പൊതുബജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ രാജ്യത്തെ പാവപ്പെട്ടവരെയും ഇടത്തരക്കാരെയും അവഗണിച്ചെന്ന് പ്രതിപക്ഷം. രാജ്യത്തെ വലിയൊരു വിഭാഗമായ ഇടത്തരക്കാര്‍ക്കും സാധാരണക്കാര്‍ക്കും ഗുണകരമായ ഒന്നും ബജറ്റ് പ്രഖ്യാപനങ്ങളില്ലെന്നും പ്രതിപക്ഷ നേതാക്കള്‍ കുറ്റപ്പെടുത്തി. ബജറ്റ് പ്രഖ്യാപനങ്ങള്‍ ഉപഭോഗം വര്‍ധിപ്പിക്കുന്നതാണ്. ദരിദ്രര്‍ക്കും ശമ്പളക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും കര്‍ഷകര്‍ക്കും ആശ്വാസം നല്‍കുന്നതിനുമുള്ള പദ്ധതികളോ നിര്‍ദ്ദേശങ്ങളോ ബജറ്റില്‍ ഇല്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്.

രാജ്യത്തെ വലിയൊരു വിഭാഗമാണ് ശമ്പളക്കാരും, ഇടത്തരക്കാരും, കൊവിഡ് മഹാമാരി ഉണ്ടാക്കിയ പ്രതിസന്ധിയില്‍ വലയുകയാണ്. ശമ്പളം വെട്ടിച്ചുരുക്കലും പണപ്പെരുപ്പവും ഇവരുടെ ജീവിതം ദുസ്സഹമാക്കി. എന്നാല്‍ ഇത്തരക്കാരെ നിരാശരാക്കുന്നതാണ് ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് എന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ആരോപിച്ചു.'ദരിദ്രരുടെയും ശമ്പളക്കാരന്റെയും ഇടത്തരക്കാരുടെയും കര്‍ഷകരുടെയും അവസ്ഥ പരിതാപകരമാണ്, പക്ഷേ അവര്‍ക്ക് ആശ്വാസം നല്‍കുന്ന ഒന്നും ബജറ്റിലില്ല. യുവാക്കള്‍ക്ക് പ്രതീക്ഷനല്‍കുന്ന പ്രഖ്യാപനങ്ങളും ബജറ്റ് മുന്നോട്ട് വയ്ക്കുന്നില്ല. ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളും ബജറ്റ് പരിഗണിച്ചിട്ടില്ലെന്ന് ലോക്‌സഭ എംപി മനീഷ് തിവാരിയും കുറ്റപ്പെടുത്തി.

രാജ്യത്തെ പത്ത് ശതമാനം വരുന്ന സമ്പന്നരെ മാത്രം ലക്ഷ്യമിടുന്നതാണ് ബജറ്റ് പ്രഖ്യാപനങ്ങളെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി കുറ്റപ്പെടുത്തി. രാജ്യത്തെ ആകെ സമ്പത്തിന്റെ 75 ശതമാനും കൈവശം വച്ചിരിക്കുന്നത് ചെറിയൊരു ജന വിഭാഗമാണ്. തൊഴിലില്ലായ്മയും ദാരിദ്ര്യവും പട്ടിണിയും രാജ്യത്തെ വര്‍ധിച്ചിരിക്കെ, മഹാമാരിയുടെ കാലത്ത് സൂപ്പര്‍ ലാഭം സമ്പാദിച്ച വന്‍കിടക്കാര്‍ക്ക് എന്തുകൊണ്ട് കൂടുതല്‍ നികുതി ചുമത്തുന്നില്ലെന്ന ചോദ്യവും യെച്ചൂരി ഉന്നയിക്കുന്നു. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണ് ധനമന്ത്രി പറയുന്നത്. ഇതിനൊപ്പം പറയുന്ന ധാന്യവിളകള്‍ക്ക പ്രഖ്യാപിച്ച താങ്ങുവിലകള്‍ അപര്യാപ്കമാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

ബജറ്റിനെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാനും രംഗത്ത് എത്തി. വജ്രം രത്‌നം എന്നിവയുടെ വിലകുറയുമെന്ന പ്രഖ്യാപനത്തെ പരാമര്‍ശിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് രത്‌നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് സര്‍ക്കാറിന്റെ പരിഗണന ലഭിക്കുന്നത് എന്നും കര്‍ഷര്‍, ഇടത്തരക്കാര്‍, ദിവസക്കൂലിക്കാര്‍, തൊഴില്‍ രഹിതര്‍ എന്നിവര്‍ക്ക് പ്രധാനമന്ത്രിയുടെ കെയര്‍ ലഭിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി.