Headlines
Loading...
തൃശൂര്‍, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളിലുണ്ടായ വീഴ്ചകള്‍; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വീണാ ജോര്‍ജ്

തൃശൂര്‍, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളിലുണ്ടായ വീഴ്ചകള്‍; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വീണാ ജോര്‍ജ്

തൃശൂര്‍, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ അടുത്തിടെയുണ്ടായ സംഭവങ്ങള്‍ അന്വേഷിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടു. മാനസികാരോഗ്യത്തിന്റെ ചുമതലയുള്ള ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായിരിക്കും അന്വേഷണം നടത്തുക. 

മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തിര യോ​ഗത്തിലാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്.
നേരത്തെ കുതിരവട്ടം മാനസികാരോ​ഗ്യ കേന്ദ്രത്തിൽ അന്തേവാസി കൊല്ലപ്പെട്ട സംഭവത്തിലും, രണ്ട് അന്തേവാസികൾ രക്ഷപ്പെടുകയും ചെയ്ത സംഭവത്തിലും ആരോഗ്യ വകുപ്പ് അന്വേഷണം നടത്തിവരികയാണ്. 

മാനസികാരോഗ്യ കേന്ദ്രങ്ങളെ ആധുനികവത്ക്കരിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, രോഗീസൗഹൃദമാക്കുക തുടങ്ങിയവ സംബന്ധിച്ച് പ്രത്യേക സമിതിയെ വച്ച് പഠനം നടത്തി ശുപാര്‍ശ സമര്‍പ്പിക്കുവാന്‍ മന്ത്രി ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ രാജന്‍ എന്‍ ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ വിആര്‍ രാജു, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ഡോ കെഎസ് ഷിനു, ഡോ ജഗദീശന്‍, മെന്റല്‍ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ കിരണ്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.