kerala
ശ്രീറാം വെങ്കിട്ടരാമന് പുതിയ നിയമനം; മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ എംഡി
മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടക്കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് പുതിയ പദവി. കേരളാ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ എംഡിയായാണ് നിയമനം. നിലവില്‍ ആരോഗ്യവകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായ ശ്രീറാമിന് കെഎംഎസ്‌സിഎല്‍ എംഡിയുടെ അധിക ചുമതലയാണ് നല്‍കിയിരിക്കുന്നത്.
നിലവിലെ എംഡി ബാലമുരളിയെ മാറ്റി. ഇദ്ദേഹത്തെ ഗ്രാമ വികസന കമ്മീഷണറായി നിയമിച്ചു. നിയമനം സംബന്ധിച്ച് ജോയിന്റ് സെക്രട്ടറി ടി സുധീര്‍ ബാബു ഉത്തരവിറക്കി.
കേസില്‍ പ്രതി ചേര്‍ത്തതിനെത്തുടര്‍ന്ന് ശ്രീറാമിനെ ആറുമാസത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. അപകടം നടക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസായിരുന്നു വാഹനം ഓടിച്ചതെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതിയ്ക്ക് ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ വിശദീകരണം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് വെങ്കിട്ടരാനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി മുഖ്യമന്ത്രിയോട് ശുപാര്‍ശ ചെയ്തു.
ഇതിന് പിന്നാലെ ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പില്‍ ഫാക്ട് ചെക്ക് വിഭാഗത്തില്‍ ശ്രീറാമിനെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. പിന്നാലെ തീരുമാനം പിന്‍വലിക്കുകയും ചെയ്തിരുന്നു.
2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചയായിരുന്നു മദ്യലഹരിയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനം ഇടിച്ച് കെഎം ബഷീര്‍ മരിക്കുന്നത്. വാഹന ഉടമയായ വഫ ഫിറോസും അന്ന് ശ്രീറാമിനൊപ്പമുണ്ടായിരുന്നു.