Headlines
Loading...
'പത്തനംതിട്ടയില്‍ വലിച്ചിട്ട് ചവിട്ടി, നാണമുണ്ടോ നിങ്ങള്‍ക്ക്'; സഭയില്‍ സിപിഐയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ്

'പത്തനംതിട്ടയില്‍ വലിച്ചിട്ട് ചവിട്ടി, നാണമുണ്ടോ നിങ്ങള്‍ക്ക്'; സഭയില്‍ സിപിഐയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ്

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നുവെന്ന അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ നടത്തിയ പ്രസംഗത്തിനിടെ പ്രതിഷേധിച്ച സിപിഐ അംഗങ്ങളെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തില്‍ ഇടത് മുന്നണിയില്‍ പെട്ട സിപിഐക്ക് പോലും രക്ഷയില്ലെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരിഹാസം. കേരളത്തിലെ ക്രമസമാധാന നിലയെ കുറിച്ച് പറയുമ്പോള്‍ സിപിഐഎം അംഗങ്ങള്‍ പ്രകോപിതരാവും, അത് മനസിലാക്കും. എന്നാല്‍ സിപിഐ അംഗവും പ്രതിഷേധിക്കുന്നു എന്ന പരാമര്‍ശത്തോടെയായിരുന്നു വിഡി സതീശന്‍ സിപിഐയെ കടന്നാക്രമിച്ചത്.

അടുത്തിടെ കേരളത്തില്‍ സിപിഐ, എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് എതിരെ ഇടത് സംഘടനകളുടെ ഭാഗത്ത് നിന്നും ഉണ്ടായ അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമര്‍ഷം. 'നിങ്ങളോട് ചോദിക്കാനുള്ളത് എഐഎസ്എഫ് സംസ്ഥാന ഭാരവാഹിയെ കോട്ടയത്തെ യൂണിവേഴ്‌സിറ്റിയില്‍ വച്ച് എസ്എഫ്‌ഐക്കാര്‍ അപമാനിച്ചപ്പോള്‍, ലൈംഗിക അതിക്രമം നടത്തിയെന്ന് പരാതിപ്പെട്ടപ്പോള്‍ നടപടിയെടുത്തോ നിങ്ങളുടെ പൊലീസ്. പത്തനം തിട്ടയില്‍ സിപിഐക്കാരെ വലിച്ചിട്ട് ചവിട്ടി, നാണമുണ്ടോ നിങ്ങള്‍ക്ക്, ആ പോലീസിനെ പിന്തുണയ്ക്കാന്‍'. എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

കേരളത്തില്‍ ഇടത് മുന്നണിയുടെ ഭാഗമായ സിപിഐക്ക് പോലും രക്ഷയില്ല. എതിരാളികളെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കില്ല. കേരളത്തിലെ പൊലീസില്‍ ആര്‍എസ്എസുകാര്‍ ഉണ്ടെന്ന് പരഞ്ഞത് ഡി രാജയാണ്, ആനി രാജയാണ്. കേരളത്തിലെ പൊലീസില്‍ ആര്‍എസ്എസ്‌കാരും എസ്ഡിപിഐക്കാരും കടന്നുകൂടിയതിന് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തരുത്. അതിന്റെ ഉത്തരവാദിത്വം നിങ്ങള്‍ക്കാണ്. വര്‍ഗീയ കക്ഷികളെ പ്രീണിപ്പിച്ച് പാര്‍ട്ടിക്കാരെ ഇടപെടിച്ച് സംസ്ഥാനത്തെ ക്രമസമാധാന നില നിങ്ങള്‍ തകര്‍ത്തു എന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

എന്നാല്‍ കേരളത്തില്‍ ക്രമസമാധാനം തകര്‍ന്ന നാടാകണമെന്നാണ് പലരുടേയും മോഹമെന്ന് മുഖ്യമന്ത്രി അടിയന്തിര പ്രമേയത്തിന് മറുപടി നല്‍കവെ വിമര്‍ശിച്ചു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം നേതാവ് വിഡി സതീശന്‍ വാക്കൗട്ട് പ്രസംഗം നടത്തുകയും പിന്നാലെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നതായി ആരോപിച്ച് എന്‍ ഷംസുദ്ദീന്‍ എംഎല്‍എയാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാ ആക്രമണങ്ങളും വര്‍ധിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളും വര്‍ദ്ധിച്ചതായാണ് പ്രതിപക്ഷ ആരോപണം. ക്രമസമാധാന നില തകര്‍ന്നതോടെ ജനങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥയും ആശങ്കയുമുണ്ടായിട്ടുണ്ട്. ഇത് സംബന്ധിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.