gulf update
യുഎഇക്ക് നേരെ വീണ്ടും ഹൂതി വിമതരുടെ മിസൈലാക്രമണം; ബാലിസ്റ്റിക് മിസൈൽ തകർത്തതായി യുഎഇ
യുഎഇക്ക് നേരെ വീണ്ടും ഹൂതി വിമതരുടെ മിസൈലാക്രമണം. യുഎഇ ലക്ഷ്യമാക്കി ഹൂതികൾ അയച്ച ബാലിസ്റ്റിക് മിസൈൽ തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ന് പുലർച്ചെയായിരുന്നു ആക്രമണം. ജനവാസമില്ലാത്ത സ്ഥലത്ത് മിസൈൽ തകർന്നുവീണതിനാൽ ആക്രമണത്തിൽ ആർക്കും പരുക്ക് പറ്റിയിട്ടില്ലെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം ട്വിറ്റിലൂടെ വ്യക്തമാക്കി.
യെമനിലെ അൽ-ജൗഫിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്. മിസൈൽ പ്ലാറ്റ്‌ഫോമും വിക്ഷേപണ സൈറ്റും വിജയകരമായി തകർക്കുന്ന ദൃശ്യങ്ങൾ യുഎഇ പ്രതിരോധ മന്ത്രാലയം ട്വിറ്ററിലൂടെ പങ്കുവെച്ചു. ഏത് ഭീഷണികളേയും തടയാൻ യുഎഇ സന്നദ്ധമാണ്. പുറത്തു നിന്നുളള ആക്രമണങ്ങളെ തടയാനുളള എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഈ ജനുവരിയിൽ യുഎഇക്കെതിരെ ഹൂതികൾ നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിത്. ജനുവരി 17ന് നടന്ന ആദ്യ ആക്രമണത്തിൽ മൂന്ന് പ്രവാസികൾ മരിച്ചിരുന്നു. രണ്ടാം ആക്രമണം യുഎഇ തടഞ്ഞിരുന്നു. ഇസ്രയേലി പ്രസിഡന്റ് ഐസക് ഹെർസോഗിന്റെ ആദ്യ യുഎഇ സന്ദർശനത്തിന് മുന്നോടിയായാണ് ഹൂതികളുടെ മിസൈലാക്രമണം. എന്നാൽ അദ്ദേഹത്തിന്റെ സന്ദർശനം റദ്ദാക്കില്ലെന്ന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.