
gulf update
അബുദാബി ബിഗ് ടിക്കറ്റ്; തൃശ്ശൂർ സ്വദേശിനിക്ക് 44.75 കോടി രൂപ സമ്മാനം
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി പ്രവാസിക്ക് 44.75 കോടി രൂപ (2.2 കോടി ദിർഹം) സമ്മാനം. തൃശ്ശൂർ അഞ്ചങ്ങാടി സ്വദേശിനിയായ ലീന ജലാലിനാണ് ബമ്പറടിച്ചത്. ലീനയും സഹപ്രവർത്തകരായ ഒമ്പതു പേരും ചേർന്ന് ജനുവരി 27 നു വാങ്ങിയ144387 നമ്പർ ടിക്കറ്റിനാണ് നറുക്കെടുപ്പിൽ സമ്മാനമടിച്ചത്. അബുദാബി ഷൊയ്ഡർ പ്രോജക്ട് ഇലക്ട്രോണിക് മെക്കാനിക്കൽ എൽഎൽസി എച്ച്ആർ ഉദ്യോഗസ്ഥയാണ് ലീന ജലാൽ.
നാലു വർഷമായി ലീന ജലാൽ അബുദാബിയിൽ താമസമാക്കിയിട്ട്. 'ഒരു വർഷമായി സുഹൃത്തുക്കൾ ചേർന്ന് ടിക്കറ്റ് എടുക്കാറുണ്ട്. തന്റെ പേരിൽ ആദ്യമായിട്ടാണ് ടിക്കറ്റ് എടുക്കുന്നതെന്നും ലീന ജലാൽ പറഞ്ഞു. നറുക്കെടുപ്പിൽ ഞങ്ങളെടുത്ത ടിക്കറ്റിന് സമ്മാനമടിച്ചു എന്ന കോൾ വന്നപ്പോൾ ആദ്യം വ്യാജമാണെന്ന് കരുതി.
ദൈവത്തിന് നന്ദി, വാക്കുകൾ കിട്ടുന്നില്ല. വിശ്വസിക്കാൻ ഏറെ സമയമെടുത്തുവെന്നും' ലീന ജലാൽ പറഞ്ഞു. അബുദാബി ബിഗ് ടിക്കറ്റ് ഹോസ്റ്റ് റിച്ചാര്‍ഡ് ആണ് ഇവരെ വിജയവിവരം വിളിച്ചറിയിച്ചത്.