Headlines
Loading...
തമിഴ്നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ഡൗൺ; കടുപ്പിച്ച് മഹാരാഷ്ട്രയും ഡെൽഹിയും

തമിഴ്നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ഡൗൺ; കടുപ്പിച്ച് മഹാരാഷ്ട്രയും ഡെൽഹിയും

ചെന്നൈ: കൊവിഡ്-19 വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തമിഴ്നാട്ടിൽ വാരാന്ത്യ ലോക്ഡൗൺ. അവശ്യ സർവീസുകൾക്ക് മാത്രമാണ് സംസ്ഥാനത്ത് ഇന്ന് പ്രവർത്തിക്കാൻ അനുമതി ലഭിക്കുക. സർക്കാർ, ഇതര സ്ഥാപനങ്ങൾ, പൊതു​ഗതാ​ഗതം സംവിധാനങ്ങൾ എന്നിവയൊന്നും പ്രവർത്തിക്കില്ല. കഴിഞ്ഞ 24 മണിക്കൂറിൽ 10978 രോ​ഗികളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. വാരന്ത്യ ലോക്ഡൗൺ ഏർപ്പെടുത്തി രോ​ഗ വ്യാപനം നിയന്ത്രിക്കാനാണ് ശ്രമം.

ചെന്നൈയിലാണ് വ്യാപന തോത് കൂടുതൽ. ഇന്നലെ ന​ഗര പരിധിയിൽ മാത്രം5098 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് 74 പേർക്ക് കൂടി ഇന്നലെ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 195 പേർക്കാണ് തമിഴ്നാട്ടിൽ ഒമിക്രോൺ​ വകഭേദം സ്ഥിരകീരിച്ചിരിക്കുന്നത്. ലോക്ഡൗണിന്റെ സാഹചര്യത്തിൽ അനാവശ്യമായി പുറത്തിറങ്ങുന്ന വാഹനങ്ങൾക്കെതിരെയും വ്യക്തികൾക്കെതിരെയും നിയമനടപടി സ്വീകരിക്കും. വാളയാർ അതിർത്തിയിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

അതിർത്തി വഴിയെത്തുന്ന അത്യാവശ്യക്കാർക്ക് മാത്രമെ സംസ്ഥാനത്തേക്ക് കടക്കാൻ അനുമതി ലഭിക്കൂ. അല്ലാത്ത വാഹനങ്ങൾ തിരച്ചയക്കുമെന്നും കോയമ്പത്തൂർ ജില്ലാ ഭരണകൂടം വ്യക്തമാക്കി. പാലക്കാട് നിന്നും തമിഴ്‌നാട്ടിലേക്ക് ബസ് സർവീസ് ഉണ്ടായിരിക്കില്ലെന്ന് കെ.എസ്.ആർ.ടി.സിയും അറിയിച്ചു. 

കൊവിഡ് വ്യാപനം രൂക്ഷമായ ഡെല്‍ഹിയും മഹാരാഷ്ട്രയും വരും ദിവസങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നാണ് സൂചന. മുംബൈയില്‍ മിനി ലോക്ഡൌണ്‍ ഏര്‍പ്പെടുത്തുന്ന കാര്യം സർക്കാർ പരിഗണനയിലാണ്.