kasaragod
ലൈഫ് മിഷൻ ഭവന പദ്ധതി: ഉദുമ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു
ഉദുമ : ലൈഫ് ഭവന പദ്ധതിയിൽ പതിനഞ്ചാം വാർഡ് ഉൾപ്പെടുന്ന ബേക്കൽ തീരദേശത്തെ അർഹതപ്പെട്ട ഗുണഭോക്താക്കളെ കണ്ടെത്താനുള്ള സർവ്വേ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉദുമ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.
ഭൂമിയുള്ള ഭവനരഹിതർ, ഭവന നിർമ്മാണ പൂർത്തിയാക്കാൻ കഴിയാത്തവർ, തീരദേശമേഖലയിൽ ഭവനം ഇല്ലാത്തവർ തുടങ്ങി 255 പേർ അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ അർഹതപ്പെട്ട നിരവധി മത്സ്യത്തൊഴിലാളികൾ താമസിക്കുന്ന ബേക്കൽ വാർഡിൽ ഇതുവരെയും സർവ്വേ നടത്താൻ അധികൃതർ തയാറായിട്ടില്ല.
സർവ്വേ അട്ടിമറിച്ച് പാവപ്പെട്ട കുടുംബങ്ങൾക്ക് ആനുകൂല്യം നിഷേധിക്കാനുള്ള നീക്കങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും സമഗ്ര സർവേ നടത്തി അർഹരായ മുഴുവൻ ഗുണഭോക്താക്കൾക്കും വീട് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി കോൺഗ്രസ് ഉദുമ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധം സംഘടിപ്പിച്ചത്.
സംസ്ഥാന ജനറൽ സെക്രട്ടറി ടി വി ആർ വിദ്യാസാഗർ, ജില്ലാ സെക്രട്ടറി ശംഭു ബേക്കൽ, ഉദുമ ബ്ലോക്ക് പ്രസിഡൻറ് ടി ആർ നന്ദൻ , ബാബു, രമണി ബേക്കൽ, അജിതാ സോമൻ, രതീഷ് ബേക്കൽ തുടങ്ങിയവർ നേതൃത്വം നൽകി