kerala
ഗേറ്റ് തുറക്കാന്‍ വൈകിയത് ചോദിച്ചു; വര്‍ക്കലയില്‍ യാത്രക്കാരുള്ള ഓട്ടോറിക്ഷ റെയില്‍പാളത്തില്‍ പൂട്ടിയിട്ട് ജീവനക്കാരന്‍
തിരുവനന്തപുരം വര്‍ക്കലയില്‍ യാത്രക്കാരുള്ള ഓട്ടോറിക്ഷ ലെവല്‍ ക്രോസില്‍ പൂട്ടിയിട്ട് റെയില്‍വേ ജീവനക്കാരന്റെ ക്രൂരത. ഗേറ്റ് തുറക്കാന്‍ വൈകിയത് ചോദ്യം ചെയ്തതില്‍ പ്രകോപിതനായാണ് ജീവനക്കാരന്‍ ഓട്ടോയെ റെയില്‍പാളത്തില്‍ നിര്‍ത്തി ഇരു ഗേറ്റുകളും അടച്ചത്. ഇന്നലെ പുലര്‍ച്ചെ പുന്നമൂട് റെയില്‍വേ ക്രോസിലാണ് സംഭവം നടന്നത്.
മലയന്‍കീഴ് സ്വദേശി സാജനും അമ്മയ്ക്കും ഓട്ടോ ഡ്രൈവര്‍ക്കും ഈ ദുരനുഭവമുണ്ടായത്. വര്‍ക്കലയില്‍ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്നു ഇവര്‍. ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയോടെ പുന്നമോട് ലെവല്‍ ക്രോസിനടുത്തെത്തി. 10 മിനുട്ടോളം കാത്ത് നിന്നെങ്കിലും ഗേറ്റ് തുറന്നില്ല. ഒടുവില്‍ ഓട്ടോ ഡ്രൈവര്‍ റെയില്‍വേ ജീവനക്കാരനെ വിളിച്ച് ഗേറ്റ് തുറപ്പിച്ചു.
ഇതിനിടയില്‍ ഉറങ്ങിപ്പോയതാണോയെന്ന് ജീവനക്കാരനോട് ഓട്ടോ ഡ്രൈവര്‍ ചോദിച്ചു. ഇതില്‍ പ്രകോപിതനായ ജീവനക്കാരന്‍ ഓട്ടോ ലെവല്‍ ക്രോസിന് നടുവിലെത്തിയപ്പോള്‍ തുറന്ന രണ്ട് ഗേറ്റും അടച്ചു. പല തവണ ആവശ്യപ്പെട്ടിട്ടും ഗേറ്റ് തുറന്ന് നല്‍കിയില്ല. പത്ത് മിനുട്ടോളം ഓട്ടോ റെയില്‍പാളത്തില്‍ കുടുങ്ങി. സംഭവത്തില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല.