kerala
മൾട്ടി ലെവൽ മാർക്കറ്റിങ്ങിന് ആരും പോകരുത്, വിലക്ക് കേരളത്തിൽ കർശനമായി നടപ്പാക്കും -ധനമന്ത്രി
ന്യൂഡൽഹി: മൾട്ടി ലെവൽ മാർക്കറ്റിങ് മണി ചെയിൻ രൂപത്തിലുള്ളതാണെന്നും ഇത്തരം കാര്യങ്ങൾക്ക് ജനങ്ങൾ ആരും പോകരുതെന്നും സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഡയറക്ട് സെല്ലിങ്ങിന്‍റെ മറവിൽ മൾട്ടി ലെവൽ മാർക്കറ്റിങ് നടത്തുന്നത് വിലക്കി കേന്ദ്ര സർക്കാർ ഡിസംബർ 28ന് പുറത്തിറക്കിയ വിജ്ഞാപനം സംസ്ഥാന സർക്കാർ കർശനമായി നടപ്പാക്കുമെന്നും മന്ത്രി ബാലഗോപാൽ അറിയിച്ചു.
കേരളത്തിൽ ഇത്തരത്തിലുള്ള നിരവധി കമ്പനികൾ പ്രവർത്തിക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ കേന്ദ്രം പുറത്തിറക്കിയ പുതിയ വിജ്ഞാപനം സംസ്ഥാനത്തെ വിവിധ വകുപ്പുകൾ ചേർന്ന് കർശനമായി നടപ്പാക്കുമെന്നും മന്ത്രി ആവർത്തിച്ചു.
'അമിതലാഭം ഉണ്ടാകുമെന്ന് പറയുന്ന ഇത്തരം പദ്ധതികളെല്ലാം ജനങ്ങളെ പറ്റിക്കാനുള്ളതാണെന്ന സാമാന്യബുദ്ധി വേണം. ഇത്തരത്തിലുള്ള കുറെ കമ്പനികൾ വെട്ടിക്കുന്നത് ആട്, തേക്ക്, മാഞ്ചിയം തൊട്ടേ നമ്മൾ കേൾക്കുന്നതാണ്. 1000 രൂപ ഒരു മാഞ്ചിയത്തിന് നിക്ഷേപിച്ചാൽ പത്തു വർഷം കഴിഞ്ഞ് ലക്ഷം കിട്ടുമെന്ന് പറയുന്നതുപോലെ തന്നെയാണിതും.
ഡിസംബർ 28ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ ഡയറക്ട് സെല്ലിങ് മറയാക്കി ആളുകളെ കണ്ണിചേർത്ത് വിവിധ തട്ടുകളിലാക്കി പ്രവർത്തിക്കുന്ന മൾട്ടി ലെവൽ നെറ്റ്വർക് മാർക്കറ്റിങ്ങിന് വിലക്കേർപ്പെടുത്തിയിരുന്നു. ഒരു പദ്ധതിയിൽ ഒന്നോ അതിലധികമോ ആളുകളെ വിവിധ തട്ടുകളിലാക്കി ശൃംഖലകളാക്കി ചേർക്കുകയാണ് ഇവ ചെയ്യുന്നതെന്ന് വ്യക്തമാക്കിയാണ് ഇവയെ പിരമിഡ് സ്കീമുകളിൽപെടുത്തി കേന്ദ്രം വിലക്കിയത്