Headlines
Loading...
'വിഎസിന് വേണമെങ്കില്‍ അപ്പീല്‍ പോകാം'; പറയാനുള്ളത് കോടതിയില്‍ പറയുമെന്ന് ഉമ്മന്‍ചാണ്ടി

'വിഎസിന് വേണമെങ്കില്‍ അപ്പീല്‍ പോകാം'; പറയാനുള്ളത് കോടതിയില്‍ പറയുമെന്ന് ഉമ്മന്‍ചാണ്ടി

സോളാര്‍ കേസിലെ എല്ലാ വിധിയും അനുകൂലമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ കേസില്‍ മൂന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടിലും കുറ്റകാരന്‍ എന്ന പരാമര്‍ശം ഇല്ല. നിരവധി ആക്ഷേപങ്ങള്‍ വന്നു. തെറ്റ് ചെയ്തിട്ടില്ല എങ്കില്‍ ഒരു കുഴപ്പവും വരില്ല എന്ന വിശ്വാസമാണ് തനിക്കെന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു.
സോളാര്‍ കേസില്‍ തനിക്കെതിരായ ആരോപണങ്ങളില്‍ മാനനഷ്ടക്കേസില്‍ അപ്പീല്‍ പോകുക എന്നത് വി എസ് അച്യൂതാനന്ദന്റെ അവകാശം ആണെന്നും, തനിക്ക് പറയാനുള്ളത് കോടതിയില്‍ പറയുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രതികരണം.

സിപിഐഎമ്മിന്റെ കൊടിമരവും സ്തൂപവും തകര്‍ത്തെന്ന കേസില്‍ കോട്ടയം ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷിനെതിരെ കേസ് എടുത്ത നടപടിയേയും ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചു. കോണ്‍ഗ്രസ് ഓഫീസുകള്‍ അടിച്ചുതകര്‍ത്തപ്പോഴൊന്നും കേസെടുക്കാത്ത പൊലീസ് ഇപ്പോള്‍ കേസെടുത്തതിലൂടെ പൊലീസിന്റെ നീതി ബോധമാണ് ചോദ്യം ചെയ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നീതി നടപ്പിലാക്കാനുള്ള സംവിധാനമാണ് പൊലീസ്. അതിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇതിനെ നിയമപരമായി നേരിടും. പൊലീസിന്റെ ഏകപക്ഷീയമായ നടപടിയുടെ പ്രകടമായ ഉദാഹരണമാണിതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഉമ്മന്‍ചാണ്ടിക്ക് കോട്ടയത്തെ പ്രവര്‍ത്തകര്‍ ഇന്ന് സ്വീകരണം നല്‍കുന്നുണ്ട്. പുതുപ്പള്ളിയിലെ വീട്ടില്‍ വച്ച് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പരിപാടിയെന്ന് നേതാക്കള്‍ അറിയിച്ചു. സോളാര്‍ കേസിലെ ആരോപണങ്ങളെ തുടര്‍ന്ന് വിഎസിനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ അനുകൂല വിധി ഉണ്ടായ ശേഷം ആദ്യമായാണ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലെ വീട്ടിലെത്തുന്നത്. കേസില്‍ അപ്പീല്‍ പോകുമെന്ന് വിഎസ് വ്യക്തമാക്കിയിട്ടുണ്ട്.