national
നിയന്ത്രണം കടുപ്പിക്കാൻ കർണാടക; അതിർത്തി ഗ്രാമങ്ങളിൽ ചെക്ക് പോസ്റ്റ്
ബംഗളൂരു: കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിക്കാൻ കർണാടക സർക്കാർ. കേരളവും മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്ന കർണാടക ഗ്രാമങ്ങളിൽ പ്രത്യേക ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. അതത് പൊലീസ് സ്റ്റേഷനുകൾക്ക് കീഴിലാകും ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കുക.
അയൽ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചപ്പോഴാണ് കർണാടകയും സമാന രീതിയിലേക്ക് എത്തിയതെന്ന് രണ്ടു കോവിഡ് വ്യാപനത്തിനിടെയും വ്യക്തമായതാണ്.
അയൽ സംസ്ഥാനത്തെ ഗ്രാമങ്ങളുമായി വ്യാപാര പ്രവർത്തനം ഉൾപ്പെടെ നടക്കുന്ന ഗ്രാമങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കും. അതിർത്തി പ്രദേശം വലുതായതിനാൽ നിലവിൽ പ്രധാന ചെക്ക് പോസ്റ്റുകളിൽ മാത്രമാണ് പരിശോധന. ഗ്രാമീണ തലത്തിൽ അതിർത്തികളിൽ പരിശോധന കർശനമാക്കാനാണ് പൊലീസിന് ചുമതല നൽകിയത്. ഇനിയൊരു ലോക്ക് ഡൗൺ സാമ്പത്തിക മേഖലയെ തകർക്കുമെന്നും കോവിഡ് വ്യാപനം തടയാൻ ജനപിന്തുണ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.