kannur
കണ്ണൂര്‍ സര്‍വ്വകലാശാല വിസി നിയമനം; മന്ത്രിയുടെ കത്ത് നിയമവിരുദ്ധമാണെങ്കില്‍ ഗവര്‍ണര്‍ ഒപ്പിട്ടത് എന്തിനെന്ന് ലോകായുക്ത, രേഖകള്‍ ഹാജറാക്കാന്‍ ഉത്തരവ്
കണ്ണൂര്‍ സര്‍വ്വകലാശാല വിവാദ വി.സി നിയമനവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും, കത്തുകളും, കണ്ണൂര്‍ വകലാശാല ആക്ടും ഈ മാസം 25 ന് മുന്‍പ് ഹാജരാക്കാന്‍ തിരുവനന്തപുരം ലോകായുക്താ കോടതിയുടെ ഉത്തരവ്. ഉന്നത വിദ്യാഭ്യാസ മന്ത്രി നല്‍കിയ കത്ത് നിയമവിരുദ്ധമാണെങ്കില്‍ ആ കത്തില്‍ ചാന്‍സിലറായ ഗവര്‍ണര്‍ ഒപ്പിട്ടത് എന്തിനാണെന്നും ലോകായുക്ത കോടതി ചോദിച്ചു.
ലോകായുക്ത സിറിയക് ജോസഫും, ഉപലോകായുക്ത ഹാറൂണ്‍ അല്‍ റഷീദുമാണ് കേസില്‍ വിശദ വാദം കേട്ടത്. വി.സി നിയമനത്തില്‍ ചട്ടവിരുദ്ധമായ കാര്യങ്ങള്‍ ഉണ്ടായതായി ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ പായിച്ചിറ നവാസാണ് ലോകായുക്തയെ സമീപിച്ചത്. കേസ് ഈ മാസം 25 ലേയ്ക്ക് മാറ്റി.
കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലറായി ഡോ ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിയത് നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരിവെച്ചിരുന്നു. ഇതിനെതിരെ പരാതിക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയും ചെയ്തിരുന്നു. ഹര്‍ജിയില്‍ ഡിവിഷന്‍ ബെഞ്ച് ജനുവരി 12 ന് വാദം കേള്‍ക്കും.
ഹര്‍ജിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കോടതി നോട്ടീസ് അയച്ചിരുന്നു. ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജിയിലെ ഒന്നാം എതിര്‍ കക്ഷിയായ ഗവര്‍ണര്‍ക്ക് നോട്ടീസ് അയച്ചത്. ഗവര്‍ണര്‍ക്ക് വേണ്ടി രാജ് ഭവന്‍ ഓഫീസ് നോട്ടീസ് കൈപ്പറ്റികൊണ്ടുള്ള രേഖ കോടതിക്ക് കൈമാറി.