
national
'സൈനികരെ ശിക്ഷിക്കണം, നഷ്ടപരിഹാരം സ്വീകരിക്കില്ല'; നിലപാട് കടുപ്പിച്ച് നാഗാലാന്റ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍
നാഗാലാന്‍ഡിലെ മോണ്‍ ജില്ലയിലെ ഓടിംഗില്‍ 14 ഗ്രാമീണര്‍ കൊല്ലപ്പെടാനിടയായ വെടിവെപ്പിന് ഉത്തരവാദികളായ സൈനികരെ ശിക്ഷിക്കാതെ സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം സ്വീകരിക്കില്ലെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍. വെടിവെയ്പ്പിന് ഉത്തരവാദികളായ സൈനികരെ ശിക്ഷിക്കുക, വിവാദ നിയമമായ അഫ്‌സ്പ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ നഷ്ടപരിഹാരം സ്വീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും ഓടിംഗ് ഗ്രാമവാസികളും.
കഴിഞ്ഞ ദിവസം ഉന്നത തല സംഘം സന്ദര്‍ശനം ഊട്ടിങ് സന്ദര്‍ശിച്ചിരുന്നു. പിന്നാലെയാണ് ഗ്രാമീണര്‍ നിലപാട് അറിയിച്ചത്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്നതിന്നു മുന്നോടിയായിട്ടായിരുന്നു സംസ്ഥാന മന്ത്രിയും ജില്ലാ ഡെപ്യൂട്ടി കമ്മീഷണറും ഉള്‍പ്പെട്ട ഉന്നത തല സംഘം ഗ്രാമത്തിലെത്തിയത്. ഈ സാഹചര്യത്തിലാണ് വില്ലേജ് കൗണ്‍സില്‍ നിബന്ധനകള്‍ മുന്നോട്ടത് മുന്നോട്ടുവെച്ചത്.
വെടിവെയ്പ്പില്‍ ഉള്‍പ്പെട്ട 21 പാര കമാന്‍ഡോ വിഭാഗത്തിലെ സൈനികരെ ശിക്ഷിക്കുന്നതുവരെ സര്‍ക്കാരില്‍നിന്നുള്ള നഷ്ടപരിഹാരം സ്വീകരിക്കില്ലെന്ന് വില്ലേജ് കൗണ്‍സില്‍ പ്രസ്ഥാവനയില്‍ അറിയിച്ചു. . കൂടാതെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ നിയമം പിന്‍വലിക്കുക എന്ന ആവശ്യവും വില്ലേജ് കൗണ്‍സില്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.
ഡിസംബര്‍ ആദ്യ വാരത്തിലായിരുന്നു മ്യാന്‍മാര്‍ അതിര്‍ത്തി പ്രദേശമായ ഓടിംഗില്‍ കല്‍ക്കരി ഖനിയില്‍ നിന്നും ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികള്‍ സൈന്യത്തിന്റെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്.
വിഘടന വാദികള്‍ക്കായുള്ള തെരച്ചിലിനിടയിലാണ് സംഭവം നടന്നത്. തൊഴിലാളികള്‍ വന്ന വാഹനം വിഘടന വാദികളുടേതാണെന്ന് കരുതി സൈന്യം വെടിവെച്ചത് എന്നായിരുന്നു സൈന്യം നല്‍കിയ വിശദീകരണം. സംഭവത്തില്‍ വലിയ പ്രതിഷേധം ഉയരുകയും ചെയ്തു. പിന്നാലെയായിരുന്നു വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട ഓരോരുത്തരുടേയും കുടുംബത്തിന് അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ നാഗലാന്റ് സര്‍ക്കാര്‍ തീരുമാനിച്ചത്.