
national
മലയാളികൾ നിബിഡ വനത്തിൽ എന്തിന് വന്നു? കൂനുർ ഹെലികോപ്റ്റർ അപകടത്തിൽ അന്വേഷണം അവസാന ദൃശ്യങ്ങളെക്കുറിച്ച്
ചെന്നൈ: ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ മരിക്കാനിടയായ കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ അന്വേഷണം പുരോഗമിക്കുന്നു. അപകടം നടക്കുന്നതിന് തൊട്ട് മുൻപ് ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ ഫോറൻസിക് പരിശോനയ്ക്ക് അയച്ചു. കോയമ്പത്തൂർ താമസിച്ചുവരുന്ന മലയാളി ഫോട്ടോഗ്രാഫറാണ് ഹെലികോപ്റ്ററിന്റെ അവസാന ദൃശ്യങ്ങളെന്ന് കരുതുന്ന വീഡിയോ ചിത്രീകരിച്ചത്. വീഡിയോയിൽ മേഘങ്ങൾക്ക് ഇടയിലേക്ക് മറയുന്ന ഹെലികോപ്റ്ററുകളുടെ ദൃശ്യങ്ങളാണ് അടങ്ങിയിരിക്കുന്നത്.
നിബിഡ വന മേഖലയിൽ എങ്ങനെ മലയാളി ഫോട്ടോഗ്രാഫർ എത്തിയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണസംഘം പരിശോധിച്ചേക്കും. ഫോറൻസിക് പരിശോധനയിൽ ഫോണിലുൾപ്പെട്ടിരിക്കുന്ന വിവരങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. വീഡിയോയുടെ ആധികാരികത ഉറപ്പുവരുത്താനാണ് ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. അതേസമയം ഇക്കാര്യത്തിൽ മലയാളി ഫോട്ടോഗ്രാഫർ നൽകിയ വിശദീകരണത്തിൽ യാതൊരു നിഗൂഢതയും ഇതുവരെ കണ്ടെത്തിയിട്ടില്ല.അപകടത്തിന്റെ കാരണം മനസിലാക്കാൻ സൈനികതലത്തിൽ സംയുക്ത സേനാ അന്വേഷണം പുരോഗമിക്കുകയാണ്. വ്യാഴാഴ്ച 11.48ന് സൂലുരിൽ നിന്ന് പുറപ്പെട്ട ഹെലികോപ്റ്റർ 12.15ന് വെല്ലിങ്ടണിൽ എത്തേണ്ടതായിരുന്നു. എന്നാൽ 12.08ന് സുലൂർ എയർബേസുമായുള്ള ഹെലികോപ്റ്ററിന്റെ ബന്ധം നഷ്ടമാവുകയായിരുന്നു.
അപകടത്തിൽപ്പെട്ട് തകർന്ന വ്യോമസേന ഹെലികോപ്റ്ററിന്റെ ബ്ലാക്ക് ബോക്‌സ് ഇതിനകം കണ്ടെടുത്തിട്ടുണ്ട്. അപകടകാരണം അന്വേഷിക്കുന്ന വ്യോമസേന ഉദ്യോഗസ്ഥരുടെ സംഘമാണ് ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. വ്യോമസേനയുടെ മികച്ച ഹെലികോപ്റ്ററുകളിലൊന്നായ എംഐ17വി5 ആയിരുന്നു അപകടത്തിൽപെട്ടത്.
അപകടകാരണം കണ്ടെത്താൻ വളരെയധികം സഹായകരമാണ് കണ്ടെത്തിയിട്ടുളള ബ്ലാക് ബോക്‌സ്.സംഭവസ്ഥലത്ത് അന്വേഷണ സംഘത്തിന്റെ പരിശോധന തുടരുകയാണ്.വിങ് കമാൻഡർ ഭരദ്വജിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വിവേക് റാം ചൗധരിയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തടക്കം പതിമൂന്നുപേർ മരിച്ചിരുന്നു. കൂനൂരിൽ നിന്ന് അഞ്ച് കിലോമീറ്റർ ദൂരെയുള്ള കട്ടേരി പാർക്കിൽ ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം നടന്നത്.
കോയമ്പത്തൂരിലെ സുലൂർ വ്യോമസേനത്താവളത്തിൽ നിന്ന് വെല്ലിങ്ടൺ കന്റോൺമെന്റിലെ ഡിഫൻസ് സർവീസസ് കോളേജിലേക്ക് പോവുകയായിരുന്നു സംഘം. കോളജിൽ സംഘടിപ്പിച്ച കേഡറ്റ് ഇന്ററാക്ഷൻ പ്രോഗ്രാമിൽ പങ്കെടുക്കാനായിരുന്നു യാത്ര. ഡൽഹിയിൽ നിന്ന് രാവിലെയാണ് ബിപിൻ റാവത്തും സംഘവും പ്രത്യേക വിമാനത്തിൽ സുലൂർ വ്യോമകേന്ദ്രത്തിൽ എത്തിയത്. പക്ഷെ കനത്തമഞ്ഞ് കാരണം ഹെലികോപ്ടർ ഇറക്കാൻ സാധിക്കാത്തതിനെ തുടർന്ന് സുലൂരിലേക്ക് മടങ്ങി. ഏകദേശം 12.20ന് ശേഷം കുനൂരിലെ കട്ടേരി ഫാമിന് സമീപത്തേക്കായി ഹെലികോപ്ടർ തകർന്നു വീഴുകയായിരുന്നു.