Headlines
Loading...
മുല്ലപ്പെരിയാർ രാത്രി വീണ്ടും തുറന്നു, വീടുകളിൽ വെള്ളം കയറി; റോഷി അ​ഗസ്റ്റിനെതിരെ പ്രതിഷേധം

മുല്ലപ്പെരിയാർ രാത്രി വീണ്ടും തുറന്നു, വീടുകളിൽ വെള്ളം കയറി; റോഷി അ​ഗസ്റ്റിനെതിരെ പ്രതിഷേധം


മുല്ലപ്പെരിയാർ ഡാമിൽ നിന്ന് മുന്നറിയിപ്പില്ലാതെ തമിഴ്നാട് രാത്രി വെള്ളം തുറന്നു വിടുന്നതിൽ പ്രതിഷേധം ശക്തം. രാത്രി വലിയ തോതിൽ വെള്ളം തുറന്നു വിടുന്നത് മൂലം പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറിയതറിഞ്ഞ് സന്ദർശിക്കാനെത്തിയ മന്ത്രി റോഷി അ​ഗസ്റ്റിനെതിരെ പ്രതിഷേധം ഉയർന്നു. വള്ളക്കടവ് കറുപ്പ് പാലത്തു വെച്ചാണ് റോഷിക്ക് നേരെ പ്രതിഷേധമുയർന്നത്. ഇവിടെ വെച്ച് റവന്യൂ ഉദ്യോ​ഗസ്ഥർക്ക് നേരെയും പൊലീസിന് നേരെയും പ്രതിഷേധം ഉണ്ടായി.

അതേസമയം രാത്രി 10 മണിയോടെ മൂന്ന് ഷട്ടറുകൾ അടച്ച് മുല്ലപ്പെരിയാർ ഡാമിൽ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവിൽ തമിഴ്നാട് കുറവ് വരുത്തിയിരുന്നു. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ ഉയർത്തിയത്. ഒമ്പത് ഷട്ടറുകള്‍ 120 സെന്റി മീറ്റര്‍ (1.20ാ) അധികമായാണ് ഉയര്‍ത്തിയത്. ഇതോടെ, 12654.09 ക്യുസെക്‌സ് ജലമാണ് പെരിയാറിലേക്കെത്തിയത്.

ഇതിനിടെ ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു. ജല നിരപ്പ് ഉയര്‍ന്നതോടെയാണ് ചെറുതോണി അണക്കെട്ടിന്റെ മൂന്നാം നമ്പര്‍ ഷട്ടര്‍ ഉയര്‍ത്തിയത്. മൂന്നാം നമ്പര്‍ ഷട്ടര്‍ 40 സെന്റീമീറ്ററാണ് തുറന്നത്. രാവിലെ ആറ് മണിക്കായിരുന്നു ഷട്ടര്‍ തുറന്ന് വിട്ടത്. ഇതോടെ പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി. ചരിത്രത്തിലാദ്യമായാണ് ഒരു വര്‍ഷത്തില്‍ മൂന്ന് തവണ ഇടുക്കി ഡാം തുറക്കുന്നത്.