national
ചര്‍ച്ചയില്ലാതെ പാസാക്കി; വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു
വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചുകൊണ്ടുള്ള ബില്‍ കേന്ദ്ര കൃഷി മന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ബില്ലില്‍ മേല്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യത്തെ തുടര്‍ന്ന് പ്രക്ഷുബ്ദമായ ലോക്‌സഭയില്‍ ചര്‍ച്ചയില്ലാതെയാണ് ബില്‍ പാസാക്കിയത്. ലോക് സഭയില്‍ കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ആണ് ബില്‍ അവതരിപ്പിച്ചത്.
ബില്‍ അവതരിപ്പിക്കാന്‍ കൃഷി മന്ത്രിയെ ക്ഷണിച്ച സ്പ്രീക്കര്‍ ഓം ബിര്‍ള പ്രതിപക്ഷത്തോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ബഹളം തുടര്‍ന്നതോടെ ചര്‍ച്ചയില്ലാതെ ബില്‍ പാസാക്കുകയായിരുന്നു. ഒറ്റവരിയില്‍ ആയിരുന്നു കൃഷിമന്ത്രി ബില്‍ അവതരിപ്പിച്ചത്. നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ചര്‍ച്ച വേണ്ടെന്ന കാര്യോപദേശക സമിതിയുടെ ഉപദേശത്തിന്റെ പശ്ചാത്തലത്തിലാണ് ബില്ലുകള്‍ ചര്‍ച്ചയ്ക്ക് അവസരം നല്‍കാതെ കൃഷിമന്ത്രി സഭയുടെ മേശപുറത്ത് വച്ചത്. തുടര്‍ന്ന് ശബ്ദവോട്ടോടെ ബില്‍ പാസാക്കുകയായിരുന്നു.
അതേസമയം, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചുകൊണ്ടുള്ള ബില്ലിലും നിയമങ്ങളെ ന്യായീകരിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. കൃഷികാര്‍ക്ക് വേണ്ടിയുള്ള നല്ല നിയമങ്ങളാണ് ഇവയെന്നും. ഒരു ചെറിയ വിഭാഗത്തിന്റെ എതിര്‍പ്പ് മൂലം പിന്‍വലിക്കുന്നു എന്നുമാണ് കേന്ദ്രം ബില്ലിന്റെ ആമുഖത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വാദം പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കുന്നത് ആണെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. ഈ പരാമര്‍ശം പിന്‍വലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ ഉച്ചയ്ക്ക് രണ്ട് മണിവരെ നിര്‍ത്തിവച്ചു.
'കർഷകരുടെയും ഗ്രാമീണ മേഖലയുടെയും സാമൂഹിക, സാമ്പത്തിക പുരോഗതി ലക്ഷ്യമിട്ടായിരുന്നു സർക്കാർ കാർഷിക നിയമങ്ങള്‍ കൊണ്ടുവന്നത്. കാലാകാലങ്ങളായി വിവിധ സർക്കാരുകള്‍ പലരൂപത്തില്‍ അവതരിപ്പിച്ചവയായിരുന്നു ഈ നിയമങ്ങള്‍. ഒരു ചെറിയ വിഭാഗം കർഷകർ മാത്രമാണ് പ്രതിഷേധവുമായി രംഗത്തെത്തിയതെങ്കിലും പല ഘട്ടങ്ങളായി നടത്തിയ ചർച്ചകളിലൂടെ നിയമങ്ങളുടെ ഗുണങ്ങള്‍ അവരെ ബോധ്യപ്പെടുത്താന്‍ സർക്കാർ തയ്യാറായി. നിലവില്‍ അവർക്കുള്ള സംവിധാനങ്ങള്‍ ഒന്നും നഷ്ടപ്പെടുത്താതെ കർഷകർക്ക് അവരുടെ ഉത്പന്നങ്ങള്‍ക്കും വിപണനത്തിനും പുതിയ വേദികള്‍ ഒരുക്കി നല്‍കുക മാത്രമായിരുന്നു സർക്കാരിന്റെ ലക്ഷ്യം' - ബില്‍ പറയുന്നു.