Headlines
Loading...
പുതുവത്സരാഘോഷത്തിന് ഇത്തവണയും പാപ്പാഞ്ഞിയില്ല

പുതുവത്സരാഘോഷത്തിന് ഇത്തവണയും പാപ്പാഞ്ഞിയില്ല

കൊച്ചിക്കാരുടെ പുതുവത്സരാഘോഷത്തിന് ഇത്തവണയും മാറ്റ് കുറയും. പുതുവത്സരാഘോഷത്തിന്റെ ഭാ​ഗമായുള്ള ഫോർട്ട് കൊച്ചി കാർണിവൽ ഇത്തവണ പേരിന് മാത്രമേ ഉണ്ടാവൂ. പാപ്പാഞ്ഞിയെ കത്തിക്കൽ ഇത്തവണ ഉണ്ടാവില്ല. കാർണിവൽ റാലിയും ഇല്ല. പരിമിതമായ തോതിൽ മാത്രമേ ആഘോഷങ്ങളും കലാപരിപാടികളും ഉണ്ടാവൂ. സംസ്ഥാനത്ത് ഒമിക്രോൺ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. 35 വർഷത്തെ ചരിത്രത്തിലാദ്യമായി കഴിഞ്ഞ വർഷവും പാപ്പാഞ്ഞിയെ കത്തിക്കൽ ഒഴിവാക്കിയിരുന്നു.

1985 ൽ കൊച്ചിയിലെ ഒരു കൂട്ടം യുവാക്കൾ ചേർന്ന് കൊച്ചിൻ കാർണിവൽ ആരംഭിച്ചതോടെയാണ് പാപ്പാഞ്ഞിയുടെ കടന്നു വരവ്. പോർച്ചു​ഗീസ് ഭാഷയിൽ പാപ്പാഞ്ഞി എന്നാൽ മുത്തച്ഛൻ എന്നാണർത്ഥം. കഴിഞ്ഞ വർഷത്തോട് വിടപറയുക എന്നർത്ഥത്തിലാണ് പാപ്പാഞ്ഞിയെ കത്തിക്കുന്നത്. പാപ്പാഞ്ഞി കത്തിയമരുന്നതിലൂടെ പോയവർഷത്തെ തിൻമയും അതോടൊപ്പം ഇല്ലാതാവും എന്നാണ് വിശ്വാസം. പാപ്പാഞ്ഞിയെ കത്തിക്കുന്നത് കാണാനും പുതുവത്സര രാവ് ആഘോഷിക്കാനും ഫോർട്ട് കൊച്ചിയിലെ പരേഡ് ​ഗ്രൗണ്ടിലേക്ക് വിദേശികളുൾപ്പെടെ നിരവധി പേർ എത്താറുണ്ടായിരുന്നു.