എറണാകുളം കിഴക്കമ്പലത്ത് കിറ്റക്സിലെ ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച കേസിൽ ഇന്ന് കൂടുതൽ നടപടികൾക്ക് സാധ്യത. ആക്രമവുമായി ബന്ധപ്പെട്ട് ഇന്നലെ 156 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. വധശ്രമത്തിന് 18 പേരുടെയും പൊതുമുതൽ നശിപ്പിച്ചതിന് ആറ് തൊഴിലാളികളുടെയും അറസ്റ്റാണ് രേഖപ്പെടുത്തിയത്.
ഇവരുടെ മെഡിക്കൽ പരിശോധനകൾ കൊവിഡ് പരിശോധന നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കും. ആക്രമത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചു. അന്വേഷണ സംഘത്തില്‍ രണ്ട് ഇന്‍സ്‌പെക്ടര്‍മാരും ഏഴ് സബ് ഇന്‍സ്‌പെക്ടര്‍മാരുമുണ്ട്.
ക്രിസ്തുമസ് ആഘോഷത്തിനിടെയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ചതും ജീപ്പുകള്‍ നശിപ്പിച്ചതും. രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ഏകദേശം മൂവായിരത്തോളം ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്താണ് സംഘര്‍ഷമുണ്ടായത്. കിറ്റക്സ് കമ്പനി തെഴിലാളികള്‍ക്കായി നിര്‍മ്മിച്ച ക്യാമ്പിലാണ് ആക്രമണം നടന്നത്. ലേബര്‍ ക്യാമ്പിലെ തൊഴിലാളികളില്‍ ചിലര്‍ സ്ഥിരം പ്രശ്നക്കാരാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇന്നലെ ആക്രമം നടക്കുന്നത് ചിത്രീകരിക്കാന്‍ ശ്രമിച്ച നാട്ടുകാര്‍ക്ക് നേരെയും ആക്രമം ഉണ്ടായി.
കരോള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് കിറ്റെക്സിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കുകയായിരുന്നു. ഇത് സംഘര്‍ഷത്തിലേക്ക് വഴിമാറി. ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ നടക്കുന്ന സാധാരണ സംഘര്‍ഷമാണെന്നാണ് പൊലീസ് കരുതിയത്. അതിനാല്‍ കുന്നത്ത് നാട് സിഐ ഷാജു അടക്കമുള്ള അഞ്ച് പൊലീസുകാര്‍ മാത്രമാണ് സ്ഥലത്തെത്തിയത്.
പക്ഷെ അവിടെ പൊലീസിന് കാണാന്‍ കഴിഞ്ഞത് ചേരി തിരിഞ്ഞ് നിന്ന് പരസ്പരം പോര്‍വിളിക്കുന്ന നൂറിലേറെ ഇതരസംസ്ഥാന തൊഴിലാളി സംഘത്തെയാണ്. ഇവര്‍ പൊലീസിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.