Headlines
Loading...
കാക്കിക്കുള്ളിലെ കല്യാണപെണ്ണ്; കോഴിക്കോട് വനിതാ എസ്‌ഐയുടെ വിവാഹ ഫോട്ടോ ഷൂട്ട് വിവാദത്തില്‍

കാക്കിക്കുള്ളിലെ കല്യാണപെണ്ണ്; കോഴിക്കോട് വനിതാ എസ്‌ഐയുടെ വിവാഹ ഫോട്ടോ ഷൂട്ട് വിവാദത്തില്‍

പൊലീസ് യൂണിഫോമില്‍ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് നടത്തിയ വനിതാ എസ്‌ഐയുടെ നടപടി വിവാദത്തില്‍. കോഴിക്കോട് സിറ്റി പരിധിയിലെ പൊലീസ് സ്റ്റേഷനിലെ വനിതാ പ്രിന്‍സിപ്പല്‍ എസ് ഐയാണ് ഔദ്യോഗിക യൂണിഫോമിട്ട് സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് നടത്തിയത്. ഫോട്ടോ സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചതോടെ വൈറലാവുകയും ചെയ്തു.

പൊലീസ് സേനാംഗങ്ങള്‍ അവരുടെ സാമൂഹികമാധ്യമ അക്കൗണ്ടിലൂടെ യൂണിഫോമിട്ട ഫോട്ടോകള്‍ പങ്കുവെക്കരുതെന്ന് 2015ല്‍ ഡിജിപി ഉത്തരവിട്ടിരുന്നു. ടിപി സെന്‍കുമാര്‍ ഡിജിപിയായിരിക്കെയാണ് സേനാംഗങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ ഇടപെടുമ്പോള്‍ ശ്രദ്ധിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളെക്കുറിച്ച് ഉത്തരവിറക്കിയത്.

കഴിഞ്ഞ ദിവസമാണ് വനിതാ എസ്‌ഐ പ്രതിശ്രുത വരനുമൊത്തുളള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചത് പിന്നാലെ വിവാദമാവുകയായിരുന്നു.
വനിതാ എസ്‌ഐയുടെ നടപടി ഡിജിപിയുടെ ഉത്തവിനെതിരാണെന്നും പൊലീസ് യൂണിഫോമിനെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്ന് സേനക്കുളളില്‍ തന്നെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ന്യൂജന്‍ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടുകള്‍ക്കെതിരെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ സ്ഥിരമായി വിമര്‍ശനവുമായി എത്തുന്ന കേരളാ പൊലീസിന് എസ്‌ഐയുടെ നടപടി ക്ഷീണമുണ്ടാക്കിയിരിക്കുകയാണ്. ഡിജിപിയുടെ ഉത്തരവ് മറികടന്ന എസ്‌ഐക്കെതിരെ നടപടി സ്വീകരിക്കാന്‍ സാധ്യതയുണ്ട്.