kerala
അശ്ലീല ചുവയോടെ പെരുമാറ്റം; വിദ്യാർത്ഥിനിയുടെ പരാതിയില്‍ കാലടി സർവ്വകലാശാല അധ്യാപകന് സസ്പെന്‍ഷന്‍
ഗവേഷക വിദ്യാര്‍ത്ഥിനിയോട് അശ്ലീല ചുവയോടെ പെരുമാറിയ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല അധ്യാപകന് സസ്പെന്‍ഷന്‍. സംസ്‍കൃത വിഭാഗം അധ്യാപകന്‍ ഡോ. എം അഷ്റഫിനെതിരെയാണ് നടപടിയുണ്ടായത്. അധ്യാപകനെതിരെ നടപടി എടുക്കാന്‍ വെെകുന്നതില്‍ പ്രതിഷേധിച്ച് പരാതിക്കാരിയായ മലയാള വിഭാഗം ഗവേഷക വിദ്യാർത്ഥിനി വിസിയുടെ ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരവും നടത്തിയിരുന്നു.15 ദിവസത്തേക്ക് ആണ് സസ്പെന്‍ഷന്‍. ഇതുകൂടാതെ അധ്യാപകനില്‍ നിന്ന് ക്ഷമാപണം എഴുതി വാങ്ങിക്കണമെന്നും ക്യാമ്പസിലെ പ്രധാന ചുമതലകളിൽ നിന്ന് മാറ്റി നിർത്തുമെന്നും സർവ്വകലാശാല പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
നവംബർ 30 രാവിലെ സർവ്വകലാശാല ക്യാംപസിൽ വെച്ച് സംസ്കൃത വിഭാഗം അധ്യാപകനായ എം അഷ്റഫ് തന്നോട് അശ്ലീല ചുവയോടെ സംസാരിക്കുകയും സഭ്യമല്ലാത്ത രീതിയില്‍ ആഗ്യം കാണിയ്ക്കുകയും ചെയ്തെന്ന് കാണിച്ചാണ് വിദ്യാർത്ഥിനി അതേദിവസം ക്യാംപസ് ഇന്റേണൽ കംപ്ലെയ്ന്റ് കമ്മിറ്റിക്ക് (ഐസിസി) പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ കമ്മിറ്റി അധ്യാപകനെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്ത് ഡിസംബർ 10 നുമുന്‍പ് തന്നെ വിസിയ്ക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. എന്നാൽ 15 ദിവസങ്ങള്‍ക്ക് അപ്പുറവും നടപടിയുണ്ടായില്ല. തുടർന്ന് സർവ്വകലാശാല രജിസ്ട്രാർക്ക് വിദ്യാർത്ഥിനി കത്ത് നല്‍കുകയും ചെയ്തിരുന്നു. ഇതിന് ഡിസംബർ 20 നകം നടപടിയുണ്ടാകുമെന്നായിരുന്നു മറുപടി ലഭിച്ചത്. എന്നാല്‍ പരാതി 20 ദിവസം പിന്നിട്ടിട്ടും തുടർ നടപടികളൊന്നുമുണ്ടായില്ല.
സർവ്വകലാശാലയിൽ സ്ഥിരം വിസി ഇല്ലാത്തതിനാലാണ് അധ്യാപകനെതിരെ നടപടിയെടുക്കുന്നതില്‍ കാലതാമസമുണ്ടാകുന്നതെന്നായിരുന്നു കാലടി സർവ്വകലാശാല അധികൃതരുടെ വിശദീകരണം. നിലവിൽ ചുമതല വഹിക്കുന്ന കാലിക്കറ്റ് സർവ്വകലാശാല വിസി പ്രൊഫ. എം കെ ജയരാജിന് അന്വഷണ കമ്മിറ്റിയുടെ ശുപാർശ കെെമാറിയിട്ടുണ്ടെന്നും വിശദീകരണത്തില്‍ അറിയിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് ഡിസംബർ 22 ന് ഗവേഷക അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് മുന്നില്‍ കുത്തിയിരുപ്പ് പ്രതിഷേധം ആരംഭിച്ചത്.
സമരമാരംഭിച്ചതിന് പിന്നാലെ ബുധനാഴ്ച ഉച്ചയോടെ തന്നെ സർവ്വകലാശാല രജിസ്ട്രാറുടെ നേതൃത്വത്തില്‍ നടന്ന ചർച്ചയില്‍ ഐസിസി തീരുമാനിച്ച ശിക്ഷാനടപടികൾ നടപ്പാക്കുമെന്ന് വൈസ് ചാൻസലർ അറിയിച്ചതായി പറയുകയും 23.12.21ന് വിസി ഇതുസംബന്ധിച്ച ഫയൽ ഉത്തരവാകുമെന്ന് എഴുതി നൽകിയ ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാത്തില്‍ താത്കാലികമായി വിദ്യാർത്ഥി സമരം അവസാനിപ്പിച്ചിരുന്നു.