kerala
കൗമാരക്കാര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കേരളം സജ്ജം; വീണാ ജോര്‍ജ്
കൗമാരക്കാര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കേരളം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 15 മുതല്‍ 18 വയസുവരെയുളള കുട്ടികള്‍ക്കുളള കൊവിഡ് വാക്‌സിനേഷന്‍ ഉടന്‍ ആരംഭിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കുട്ടികള്‍ക്ക് സുരക്ഷിതമായി വാക്‌സിന്‍ നല്‍കാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
18 വയസുമുതലുളളവര്‍ക്ക് വാക്‌സീന്‍ നല്‍കിയതിനാല്‍ 15,16,17 വയസുളള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയാല്‍ മതിയാകും. കേരളത്തില്‍ 15 ലക്ഷത്തിലേറെ കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കാനുളളത്. ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ വാകസീനേഷന്‍ വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
വാക്‌സിനെടുക്കേണ്ട ജനസംഖ്യയുടെ 97.58 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും, 76.67 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി. ഒന്നും രണ്ടും വാകസിനുള്‍പ്പെടെ ആകെ 4,65,40,932 ഡോസ് വാകസിനാണ് നല്‍കിയത്. ദേശീയതലത്തില്‍ ഒന്നാം ഡോസ് 89.10 ശതമാനവും രണ്ടാം ഡോസ് വാകസീന്‍ 61.51 ശതമാനവുമാകുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്.
ജനുവരി മൂന്നിന് കുട്ടികള്‍ക്കുളള വാക്‌സിനേഷന്‍ ആരംഭിക്കും. പതിനെട്ട് വയസിന് മുകളില്‍ വാക്‌സിനെടുക്കാനുളളവര്‍ എത്രയും പെട്ടെന്ന് വാക്‌സിന്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 26 ലക്ഷത്തോളം വാക്‌സിന്റെ സ്‌റ്റോക്കുണ്ട്. ആദ്യ ഡോസ് സ്വീകരിക്കാനുളളവരും രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാനുളളവരും ഈ ആഴ്ച തന്നെ സ്വീകരിക്കണമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.