kerala
കെ റെയിലില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി; 'ആര്‍ക്കും ദുഃഖിക്കേണ്ടി വരില്ല, കൃത്യമായ നഷ്ടപരിഹാരം നല്‍കും'
കെ റെയില്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന് ആവശ്യമായ വികസനം നടത്താനാണ് സര്‍ക്കാര്‍ തീരുമാനമെന്നും കെ റെയില്‍ നടപ്പിലാക്കുമ്പോള്‍ ആര്‍ക്കും പ്രയാസപ്പെടേണ്ടി വരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
''നാടിന്റെ വികസനത്തിനും ഭാവിക്കും ആവശ്യമായ പദ്ധതിയാണ് കെ റെയില്‍. അത് നടപ്പാക്കും. സ്ഥലമേറ്റെടുപ്പ് നടപടികളില്‍ ആരെയും ഉപദ്രവിക്കില്ല. ആവശ്യമായ ക്യത്യമായ നഷ്ടപരിഹാരം എല്ലാവര്‍ക്കും നല്‍കും. ആര്‍ക്കും ദുഃഖിക്കേണ്ടി വരില്ല. അവര്‍ക്കൊപ്പം സംസ്ഥാന സര്‍ക്കാരുണ്ടാകും. വികസനത്തിന് തടസം നില്‍ക്കുന്നവരെ നാട് ഒറ്റപ്പെടുത്തണം. പുതിയ കേരളം സൃഷ്ടിക്കാന്‍ നമുക്ക് ഒന്നിച്ചു നില്‍ക്കാം.''-മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് കടപ്പുറത്ത് നടത്തിയ സമ്മേളനത്തില്‍ മുസ്ലീംലീഗ് നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളിലും മുഖ്യമന്ത്രി പ്രതികരിച്ചു. ചെത്തുകാരന്റെ മകന്‍ എന്നു പറഞ്ഞാല്‍ തനിക്കൊരു ക്ഷീണവുമില്ലെന്നും അതില്‍ അഭിമാനമാണ് തനിക്കെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞത്: ''എവിടെയ്ക്കാണ് മുസ്ലീം ലീഗ് പോകുന്നത്. ചെത്തുകാരന്റെ മകന്‍ എന്നു പറഞ്ഞാല്‍ എനിക്കൊരു ക്ഷീണവുമില്ല. ലീഗ് നടത്തിയ വഖഫ് റാലിയില്‍ വിളിച്ച മുദ്രാവാക്യം എന്താണ്. എന്താണതിന്റെ അര്‍ഥം. എന്റെ അച്ഛനും വഖഫ് ബോര്‍ഡ് നിയമനവും തമ്മില്‍ എന്താണ് ബന്ധം?. ചെത്തുകാരന്റെ മകനായതില്‍ അഭിമാനമുണ്ടെന്ന് എത്രയോ തവണ ഞാന്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ പറഞ്ഞാല്‍ എനിക്ക് ക്ഷീണമാകുമെന്നാണോ ലീഗ് ധരിച്ചത്. ഞാന്‍ കുട്ടിയാകുമ്പോള്‍ എന്റെ അച്ഛന്‍ മരിച്ചു പോയതാണ്. ഒരോരുത്തരും അവരവരുടെ സംസ്‌കാരം അനുസരിച്ചാണ് കാര്യങ്ങള്‍ പറയുന്നത്. വീണ്ടും ആവര്‍ത്തിക്കുന്നു. അമ്മയെയും പെങ്ങളെയും തിരിച്ചറിയണം. ഇതില്‍ കൂടുതലൊന്നും ഞാന്‍ പറയുന്നില്ല.''
വഖഫ് വിഷയം നിയമസഭയില്‍ എത്തിയപ്പോള്‍ ലീഗ് നേതാവ് എതിര്‍ത്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലവിലുള്ള ജീവനക്കാരെ പിരിച്ചുവിടരുതെന്ന് മാത്രമാണ് പറഞ്ഞത്. വഖഫ് ബോര്‍ഡില്‍ നിയമനം പിഎസ്‌സി വഴി മതിയെന്ന തീരുമാനം ബോര്‍ഡ് തന്നെയാണ് എടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
''വര്‍ഗീയത ആര് കാണിച്ചാലും സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടി എടുക്കും. മുസ്ലീം ലീഗ് ജമാഅത്തെ ഇസ്ലാമിയുടെ മേലങ്കി എടുത്ത് അണിയുകയാണ്. മതേതര വിശ്വാസികളെ ലിഗ് പുശ്ചിക്കുകയും പണ്ഡിതരെ ഇകഴ്ത്തി കാണിക്കുകയും ചെയ്യുകയാണ്. ഇത് ലീഗിനെ എവിടെ എത്തിക്കുമെന്ന് കാണണം. തീവ്ര വര്‍ഗീയതയുടെ കാര്യത്തില്‍ എസ്.ഡി.പി.ഐയോട് മല്‍സരിക്കുകയാണ് ലീഗ്. പഴയ കാലമല്ല ഇതെന്ന് ലീഗ് നേതൃത്വം മനസിലാക്കണം.'' നുണ പ്രചരിപ്പിച്ചാല്‍ വേഗം തിരിച്ചറിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.