kerala
'ഇംഎംഎസിനും നായനാര്‍ക്കും മുന്നില്‍ മുട്ടു മടക്കിയിട്ടില്ല, പിന്നെയാണ് പിണറായി'; പികെ അബ്ദുറബ്ബ്
വഖഫ് സംരക്ഷണ റാലിക്കെതിരെ കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായി പികെ അബ്ദുറബ്ബ്. സാക്ഷാല്‍ ഇ.എം.എസിന്റെ മുമ്പില്‍ മുട്ടു മടക്കിയിട്ടില്ല, നായനാരുടെ തോക്കിനു മുമ്പിലും ചൂളിപ്പോയിട്ടില്ല, പിന്നെയല്ലേ ഈ പിണറായി. കേസും, ലാത്തിയും, തോക്കും കണ്ടാല്‍ ബോധം കെട്ടു വീഴാനും, നെഞ്ചുവേദന വരാനും ഇതു സി.പി.എമ്മല്ലെന്നും അബ്ദുറപ്പ് പറഞ്ഞു.'ലീഗാണ് സഖാവേ ലീഗ്, ലക്ഷ്യം നിറവേറിയിട്ടേ ഞങ്ങള്‍ പിന്‍വാങ്ങുകയുള്ളൂ. ഇതു പാര്‍ട്ടി വേറെയാ വിജയന്‍ കാണും വരെയല്ല, വിജയം കാണും വരെ, ഞങ്ങള്‍ മുന്നില്‍ തന്നെയുണ്ടാവുമെന്നും' അബ്ദുറബ്ബ് വ്യക്തമാക്കി. നേരത്തെ വിഷയത്തില്‍ പ്രതികരണവുമായി കെപിഎ മജീദും രംഗത്തുവന്നിരുന്നു.
ഭാഷാ സമര പോരാട്ടത്തില്‍ ഇടനെഞ്ചിലേക്ക് വെടിയേറ്റു വാങ്ങിയവരാണ്. പിന്തിരിഞ്ഞോടിയിട്ടില്ല. അന്ന് ആറായിരം പേര്‍ക്കെതിരെയായിരുന്നു കേസ്. നായനാരുടെ പോലീസിന്റെ തോക്കിന് മുന്നില്‍ നെഞ്ചുവിരിച്ചവരുടെ പിന്മുറക്കാരെ ഉടുക്ക് കൊട്ടി പേടിപ്പിക്കാമെന്ന പിണറായിയുടെ വ്യാമോഹം വെറുതെയാണ്. മുസ്ലിംലീഗ് ഒരു പോര്‍മുഖത്താണ്. ഭീഷണിപ്പെടുത്തിയും കേസെടുത്തും ലീഗിനെ പിന്തിരിപ്പിക്കാമെന്ന് കരുതേണ്ട. വിഷയം മാറ്റേണ്ട. കൊത്തിയ പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കാനും അറിയാം. പിണറായിക്ക് മുട്ട് മടക്കേണ്ടി വരും. പിന്തിരിഞ്ഞോടേണ്ടി വരുമെന്നും കെപിഎ മജീദ് പറഞ്ഞു.