Headlines
Loading...
നാഗാലാന്‍ഡ് കൊലയെ ന്യായീകരിച്ച് അമിത്; 'വെടിയുതിര്‍ത്തത് ആത്മരക്ഷാര്‍ഥം, വിഷമമുണ്ട്, അന്വേഷിക്കാന്‍ പ്രത്യേകസംഘം'

നാഗാലാന്‍ഡ് കൊലയെ ന്യായീകരിച്ച് അമിത്; 'വെടിയുതിര്‍ത്തത് ആത്മരക്ഷാര്‍ഥം, വിഷമമുണ്ട്, അന്വേഷിക്കാന്‍ പ്രത്യേകസംഘം'

നാഗാലാന്‍ഡില്‍ 14 ഗ്രാമീണരെ സൈന്യം വെടിവച്ചുകൊന്ന സംഭവത്തെ ന്യായീകരിച്ച് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍. ആത്മരക്ഷാര്‍ഥമാണ് സൈന്യം ഗ്രാമീണര്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്നാണ് അമിത് ഷായുടെ വിശീകരണം. സംഭവത്തില്‍ സൈന്യം ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

സംഭവം വിശദമായി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. കുറ്റക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. നിലവില്‍ നാഗാലാന്‍ഡിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും അമിത് സഭയില്‍ പറഞ്ഞു.

അതേസമയം, സംഭവത്തില്‍ സൈന്യത്തിലെ 21 പാര സ്പെഷ്യല്‍ ഫോഴ്സിലെ സൈനികര്‍ക്കെതിരെ നാഗാലാന്‍ഡ് പൊലീസ് കേസെടുത്തു. പ്രകോപനമില്ലാതെയാണ് സൈന്യം ഗ്രാമീണര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ വെടിയുതിര്‍ത്തത് എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
കഴിഞ്ഞദിവസം നാഗാലാന്‍ഡിലെ മോണ്‍ ജില്ലയിലെ ഓടിംഗ് ഗ്രാമത്തിലാണ് സുരക്ഷാസേനയുടെ വെടിവെപ്പില്‍ ഗ്രാമീണര്‍ കൊല്ലപ്പെട്ടത്. കല്‍ക്കരി ഖനിയില്‍ നിന്നും ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം വിഘടന വാദികളുടേതാണെന്ന് കരുതി സൈന്യം വെടിവെച്ചതാണെന്നാണ് വിശദീകരണം.

നാഗാലാന്‍ഡില്‍ സൈന്യത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. സൈന്യം തിരികെ പോകണമെന്ന് ആവശ്യപ്പെട്ട് കൊഹിമയില്‍ സൈന്യത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. സംസ്ഥാനത്ത് ഇന്നലെയുണ്ടായ പ്രതിഷേധത്തില്‍ രണ്ടു ഗ്രാമീണരും ഒരു സൈനികനും കൊല്ലപ്പെട്ടിരുന്നു.