
national
ജയലളിതയുടെ വീട് മരുമകള്‍ക്ക്; അപ്പീല്‍ നല്‍കുമെന്ന് എഐഎഡിഎംകെ
അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ചെന്നൈയിലെ വസതിയായ പയസ് ഗാര്ഡന് നിയമയുദ്ധത്തിലൂടെ സ്വന്തമാക്കി മരുമകള്‍. മദ്രാസ് ഹൈക്കോടതി നവംബര്‍ 24ലിന് പുറപ്പെടുവിച്ച സിംഗിള്‍ ബെഞ്ച് വിധിയാണ് ജയലളിതയുടെ മരുമകള്‍ ദീപാജയകുമാറിന് പയസ് ഗാര്ഡന് നേടിക്കൊടുത്തത്. വെള്ളിയാഴ്ച്ച വൈകുന്നേരം ചെന്നൈ ജില്ലാഭരണകൂടം പയസ് ഗാര്‍ഡന്റെ താക്കോല്‍ മരുമകള്‍ ദീപക്ക് കൈമാറുകയും ചെയ്തു. അതേസമയം മദ്രാസ് ഹൈക്കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് എഐഎഡിഎംകെ അറിയിച്ചു.
ജയലളിതയുടെ ചെന്നൈയിലെ വസതിയായ പയസ് ഗാര്ഡന് ഏറ്റെടുത്ത് സ്മൃതികുടീരമാക്കി മുന്‍ എഐഡിഎംകെ സര്‍ക്കാര്‍ മാറ്റിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധവും നടപടി പൊതുതാത്പര്യം മുന്‍നിര്‍ത്തിയല്ലെന്നും മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. മരീന ബീച്ചില്‍ എണ്‍പതുകോടി വിലമതിക്കുന്ന സ്മൃതി മണ്ഡപം എഐഎഡിഎംകെ അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ ജയലളിതയ്ക്കുവേണ്ടി നിര്‍മ്മിച്ചിട്ടുണ്ട്. അതില്‍ കൂടുതല്‍ എന്തുസ്വാധീനമാണ് ജയലളിതയെ സംബന്ധിച്ച് പയസ്ഗാര്‍ഡന്‍ നല്കാനാവുകയെന്ന് കോടതി ചോദിച്ചു.
മുന്‍ എഐഎംഡിഎംകെ സര്‍ക്കാരിന്റെ നടപടിക്കെതിരെ മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരുമക്കള്‍ ദീപയും സഹോദരന് ദീപക്കും കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് മദ്രാസ് ഹൈക്കോടതി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ ഉത്തരവിട്ടത്. കോടതിയില്‍ അടയ്ക്കേണ്ടിയിരുന്ന നഷ്ടപരിഹാരതുക ബന്ധുക്കള്‍ക്ക് നല്കുവാനും കോടതി ഉത്തരവിട്ടു.