Palakkad
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; പോപ്പുലർ ഫ്രണ്ട് നേതാവ് പിടിയില്‍
പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിതിനെ കൊലപ്പെടുത്തിയ കേസിൽ പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റില്‍. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഭാരവാഹിത്വമുള്ള ഇയാള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതിയാണ്. അതേസമയം, ദൃക്സാക്ഷികൾ തിരിച്ചറിയുന്ന വരെ പേര് വെളിപ്പെടുത്താനാവില്ലെന്ന് എസ് പി ആ വിശ്വനാഥ് അറിയിച്ചു.
കൊലപാതക സംഘം സഞ്ചരിച്ച കാറിലുണ്ടായിരുന്ന മറ്റ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. സഞ്ജിത്തിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നും അറസ്റ്റ് റിപ്പോർട്ടില്‍ ആവർത്തിക്കുന്നു. നിലവില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് പുരോഗമിക്കുന്നതിനാല്‍ അറസ്റ്റിലായവരുടെ പേരും ഫോട്ടോയും വിലാസവും അടക്കം വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നും പൊലീസ് വ്യക്തമാക്കി.
നേരത്തെ, പാലക്കാട് സ്വദേശി സുബൈര്‍, നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവർ കേസുമായി ബന്ധപ്പെട്ട് പിടിയിലായിരുന്നു. മുണ്ടക്കയത്തെ ബേക്കറി തൊഴിലാളിയാണ് കസ്റ്റഡിയിലുള്ള സുബൈര്‍. ഇയാളുടെ മുറിയില്‍ നിന്നാണ് മറ്റുള്ളവരെ പിടികൂടിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കേസില്‍ ഇവര്‍ക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 8.45 നായിരുന്നു മലമ്പുഴ മമ്പറത്ത് ത്ത് വച്ച് സഞ്ജിത്ത് ആക്രമിക്കപ്പെടുന്നതും കൊല്ലപ്പെട്ടതും. സംഭവത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്നായിരുന്നു ബിജെപിയുടെ ആക്ഷേപം.