Headlines
Loading...
കെഎസ്ആര്‍ടിസി പണിമുടക്ക്; സര്‍വ്വീസുകള്‍ തടസപ്പെട്ടു, വലഞ്ഞ് ജനങ്ങള്‍

കെഎസ്ആര്‍ടിസി പണിമുടക്ക്; സര്‍വ്വീസുകള്‍ തടസപ്പെട്ടു, വലഞ്ഞ് ജനങ്ങള്‍

കെഎസ്ആര്‍ടിസി തൊഴിലാളികളുടെ സൂചന പണിമുടക്കില്‍ സര്‍വ്വീസുകള്‍ തടസ്സപെട്ടു. സർവ്വീസുകള്‍ മുടങ്ങിയതോടെ യാത്രക്കാര്‍ ബസ് സ്റ്റാന്റുകളില്‍ എത്തിയതിന് ശേഷം മടങ്ങുന്ന കാഴ്ച്ചയാണ് പലയിടങ്ങളിലും കാണാനായത്. ഭരണാനുകൂല സംഘടനയായ എംപ്ലോയീസ് അസോസിയേഷനും പണിമുടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സമരം പൂർണ്ണമാണ്. 

ഇന്നലെ അർദ്ധരാത്രി മുതലാണ് സമരം ആരംഭിച്ചത്. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ടാണ് കെഎസ്ആര്‍ടിസി തൊഴിലാളികള്‍ 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് നടത്തുന്നത്. കെഎസ്ആര്‍ടിസിയുടെ അംഗീകൃത യൂണിയനുകളാണ് പണിമുടക്കുന്നത്. എന്നാല്‍ സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളേയും ജോലിക്ക് ഹാജരാകാത്ത തൊഴിലാളികളുടെ വേതനം ശമ്പളത്തില്‍ നിന്ന് പിടിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

ശമ്പള പരിഷ്‌കരണം അനന്തമായി നീളുന്നതാണ് തൊഴിലാളികളെ പണിമുടക്കിലേക്ക് നയിച്ചതെന്നാണ് തൊഴിലാളികള്‍ പറയുന്നത്. എല്ലാ ഡിപ്പോകളിലേയും യൂണിറ്റ് ഓഫീസര്‍മാര്‍ ഇന്ന് ഹാജരാകണമെന്ന കര്‍ശന നിര്‍ദേശം കെഎസ്ആര്‍ടിസി നല്‍കിയിട്ടുണ്ട്. എല്ലാ യൂണിറ്റുകളിലേയും കാന്റീനുകള്‍ പ്രവര്‍ത്തിപ്പിക്കണം, ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ പാടില്ല എന്നും കെഎസ്ആര്‍ടിസി നല്‍കിയ ഉത്തരവില്‍ പറയുന്നുണ്ട്. 

ഐഎന്‍ടിയുസിയുടെ നേതൃത്വത്തിലുളള ടിഡിഎഫ് 48 മണിക്കൂര്‍ പണിമുടക്കാണ് പ്രഖ്യാപിച്ചിട്ടുളളത്. ഭരണാനുകൂല സംഘടനയായ എംപ്ലോയീസ് അസോസിയേഷനും ബിഎംഎസിന്റെ എംപ്ലോയീസ് സംഘും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.