national
'ധാര്‍ഷ്ട്യം തലകുനിച്ചു'; തെരഞ്ഞെടുപ്പ് ഭയമെന്ന് കോണ്‍ഗ്രസ്
വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. 'ഇത് രാജ്യത്തെ കര്‍ഷകരുടെ വിജയം,അഹങ്കാരം തകര്‍ന്നു' എന്ന് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കൊണ്ട് കോണ്‍ഗ്രസ് ട്വീറ്റു ചെയ്തു. വിവിധ കോണ്‍ഗ്രസ് നേതാക്കളും മോദി സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ട് രംഗത്തുവന്നിട്ടുണ്ട്.
'രാജ്യത്തെ ഊട്ടുന്ന കര്‍ഷകരുടെ സത്യാഗ്രഹം കൊണ്ട് ധാര്‍ഷ്ട്യം തല കുനിച്ചു. അനീതിക്കെതിരായ വിജയത്തിന് അഭിന്ദനങ്ങള്‍' എന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
'എന്താണോ ഒരു ജനാധിപത്യ സമരത്തിലൂടെ നേടാന്‍ കഴിയാത്തത് അത് തെരഞ്ഞെടുപ്പിനെക്കുറിച്ചുളള ഭയത്തിലൂടെ നേടാന്‍ കഴിഞ്ഞുവെന്ന്' മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു. ' കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കുന്നതായുളള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഒരിക്കലും ഒരു നയം മാറ്റുന്നതില്‍ നിന്ന് പ്രചോദനമുള്‍കൊണ്ടോ അല്ലെങ്കില്‍ മനസ്സ് മാറിയത് കൊണ്ടോ അല്ല. ഇത് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പിനോടുളള ഭയം കൊണ്ടാണ്' എന്ന് ചിദംബരം ട്വീറ്റ് ചെയ്തു.
കര്‍ഷകരുടെ സത്യാഗ്രഹം ചരിത്ര വിജയം നേടി എന്ന് കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കുന്നതായുളള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ നവ്‌ജോത് സിങ് സിദ്ദുവും ട്വീറ്റ് ചെയ്തു. 'ഒരു റോഡ് മാപ്പിലൂടെ പഞ്ചാബിലെ കൃഷിയുടെ പുനരുജ്ജീവനത്തിനായിരിക്കണം പിബി ഗവണ്‍മെന്റ് മുന്‍ഗണന നല്‍കേണ്ടത്. നിങ്ങളുടെ ത്യാഗത്തിന് ഫലം കണ്ടെന്നും' സിദ്ദു ട്വീറ്റിലൂടെ പറഞ്ഞു.