Headlines
Loading...
 വിനോദസഞ്ചാര വാതിൽ തുറന്ന് ഇന്ത്യ; രാജ്യാന്തര യാത്രക്കാർക്ക് ടൂറിസ്റ്റ് വീസ

വിനോദസഞ്ചാര വാതിൽ തുറന്ന് ഇന്ത്യ; രാജ്യാന്തര യാത്രക്കാർക്ക് ടൂറിസ്റ്റ് വീസ

ന്യൂഡൽഹി ∙ കോവിഡിനെ തുടർന്നു തളർന്ന വിനോദസഞ്ചാര മേഖലയെ സജീവമാക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. രാജ്യാന്തര യാത്രക്കാർക്കു ടൂറിസ്റ്റ് വീസ അനുവദിക്കുന്നതു പുനഃരാരംഭിച്ചു. നവംബർ 15 മുതൽ ഇന്ത്യയിലെത്തുന്ന വിദേശികൾക്കാണു പുതിയ ടൂറിസ്റ്റ് വീസ അനുവദിക്കുക. ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് ഈ മാസം 15 മുതലും വീസ അനുവദിക്കും.
കോവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ടൂറിസ്റ്റ് വീസ അനുവദിക്കുന്നത് ഒന്നര വർഷമായി നിർത്തിവച്ചിരിക്കുകയായിരുന്നു. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, വ്യോമയാന മന്ത്രാലയം, ടൂറിസം മന്ത്രാലയം, സംസ്ഥാന സർക്കാരുകൾ എന്നിവരുമായി കൂടിയാലോചിച്ച ശേഷമാണു തീരുമാനമെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മാർഗനിർദേശങ്ങൾ അനുസരിക്കണമെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. 

ദിവസവും 20,000 പുതിയ കേസുകളാണു രാജ്യത്തു റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കോവിഡ് വെല്ലുവിളി അവസാനിച്ചിട്ടില്ലെന്നും ഉത്സവ സീസണുകളിൽ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നുമാണു സർക്കാരിന്റെ മുന്നറിയിപ്പ്.