
idukki
കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍; ഏഴു പേര്‍ മണ്ണിനടിയില്‍, ഇവരില്‍ നാലു കുട്ടികളും, മൂന്നു വീടുകള്‍ ഒലിച്ചുപോയി
ഇടുക്കി ജില്ലയിലെ കൊക്കയാറില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നാലു കുട്ടികള്‍ അടക്കം ഏഴു പേരെ കാണാതായി. ഇന്നു വൈകിട്ടോടെയാണ് സംഭവം. ഉരുള്‍പൊട്ടലില്‍ അഞ്ചു വീടുകള്‍ പൂര്‍ണമായും ഒലിച്ചുപോയെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍. വെള്ളപ്പാച്ചിലായിരുന്നു ആദ്യം ഉണ്ടായത്. തുടര്‍ന്ന് വലിയ ശബ്ദത്തോടെ ഉരുള്‍പൊട്ടുകയായിരുന്നുവെന്നു സമീപവാസികള്‍ പറയുന്നു. അഞ്ചു വീടുകള്‍ പൂര്‍ണമായും ആറോളം വീണുകള്‍ ഭാഗികമായും ഒലിച്ചുപോയി.
ഒരു വീട്ടിലെ നാലംഗങ്ങള്‍ അടക്കം ഏഴു പേരാണ് മണ്ണനടിയിലായിരിക്കുന്നത്. ഇതില്‍ നാലു കുട്ടികളും ഉള്‍പ്പെടുന്നുവെന്നാണ് പറയപ്പെടുന്നത്. ഇവരെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പ്രദേശത്ത് വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കനത്ത മഴയും വീണ്ടും ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതിനാലും രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ് പുരോഗമിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് അടുത്ത രണ്ടു ദിനം കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.