Headlines
Loading...
മാര്‍ക്ക് മുന്നില്‍, സീറ്റ് പിന്നില്‍;മുഴുവന്‍ എ പ്ലസ് ഉണ്ടായിട്ടും സീറ്റ് കിട്ടാത്ത വിദ്യാര്‍ഥികള്‍

മാര്‍ക്ക് മുന്നില്‍, സീറ്റ് പിന്നില്‍;മുഴുവന്‍ എ പ്ലസ് ഉണ്ടായിട്ടും സീറ്റ് കിട്ടാത്ത വിദ്യാര്‍ഥികള്‍

രണ്ട് അലോട്ട്മെന്റ് കഴിഞ്ഞിട്ടും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയവർക്ക് പോലും പ്ലസ് വൺ സീറ്റില്ല. ആവശ്യത്തിന് സീറ്റുണ്ടെന്നാണ് അധികൃതരുടെ ഭാഷ്യം. പതിനഞ്ചുവയസ്സുമാത്രമുളള കുട്ടികൾക്ക് അറുപതും എഴുപതും കിലോമീറ്റർ അകലെയുളള സ്കൂളിൽ പ്രവേശനം കിട്ടിയിട്ട് എന്തുകാര്യം. ഇനിയും അലോട്ട്മെന്റ് ഉണ്ട്. പക്ഷേ അതുവരെ കാത്തിരിക്കാൻ ധൈര്യമില്ലാതെ മാനേജ്മെന്റ് സീറ്റ് തരപ്പെടുത്തേണ്ടിവരുന്ന സ്ഥിതിയാണിന്ന്. ആശങ്കയിലാണ് രക്ഷിതാക്കളും കുട്ടികളും

ഉപരിപഠനത്തിന് അർഹർ എന്ന പേരിലാണ് എസ്.എസ്.എൽ.സി. വിജയികളെ പ്രഖ്യാപിക്കുന്നത്. പത്താം ക്ലാസ് കഴിഞ്ഞാണ് എങ്ങോട്ടുതിരിയണമെന്ന് കുട്ടി തീരുമാനിക്കുന്നതും. നിരാശയിലാണ് തൃശ്ശൂർ ജില്ലയിലെ നല്ലൊരു പങ്ക് വിദ്യാർഥികളും രക്ഷിതാക്കളും.

പരീക്ഷയെഴുതിയവരിൽ മൂന്നിലൊന്ന് കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരാണ്. ആവശ്യത്തിന് സീറ്റുകൾ പറയുമ്പോഴും ആശങ്ക തീരുന്നില്ല. അലോട്ട്മെന്റ് രണ്ടെണ്ണം കഴിഞ്ഞു. എന്നിട്ടും ഫുൾ എ പ്ലസ് കിട്ടിയവരിൽ പലരും പടിക്കുപുറത്താണ്.

ഒരു ഉദാഹരണം

ഒരു സ്കൂളിൽ രണ്ട് കുട്ടികൾ സയൻസ് ഗ്രൂപ്പിന് അപേക്ഷിക്കുന്നു. ഒരാൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്. രണ്ടാമത്തെയാൾക്ക് ഒമ്പത് എ പ്ലസും ഒരു എ യും. വെയിറ്റേജ് ഗ്രേഡ് പോയിന്റ് ആവറേജ് (ഡബ്ല്യു.ജി.പി.എ.) കണക്കാക്കിയാണ് ഏകജാലകത്തിന്റെ സോഫ്റ്റ്വേർ പട്ടിക ഉണ്ടാക്കുന്നത്.

ബോണസ് പോയിന്റ് ഒന്നും ഇല്ലെങ്കിൽ ആദ്യത്തെയാൾക്ക് ഒമ്പത് പോയിന്റും രണ്ടാമത്തെയാൾക്ക് 8.9 പോയിന്റും ആയിരിക്കും വരുക. ഇനി രണ്ടാമത്തെയാൾക്ക് നീന്തൽ സർട്ടിഫിക്കറ്റോ സ്റ്റുഡന്റ് പോലീസിന്റെ ഒരു സർട്ടിഫിക്കറ്റോ ഉണ്ടെന്ന് കരുതുക. അങ്ങനെവരുമ്പോൾ ആ കുട്ടിയുടെ പോയിന്റ് 9.1-ലേക്ക് മാറും. ആദ്യത്തെ കുട്ടിക്ക് ഒരു ബോണസ് ആനുകൂല്യവും ഇല്ലെങ്കിൽ ഒമ്പത് എ പ്ലസുകാരൻ മുന്നിൽക്കയറും. ഇത്തരം വിഷയം ഇക്കൊല്ലം ഉണ്ടായതല്ല. എന്നാൽ, അത് അതിരൂക്ഷമായ പ്രതിസന്ധിയിലേക്ക് നീങ്ങിയതിനു പിന്നിൽ എ പ്ലസുകാരുടെ എണ്ണത്തിലുണ്ടായ വർധനയാണ്.

ഡിമാൻഡുള്ള വിഷയത്തിനുവേണ്ടി 10 മുഴുവൻ എ പ്ലസുകാർ അണിനിരക്കുമ്പോൾ അതിൽ ബോണസ് പോയിന്റുള്ളവർ മുന്നിലേക്ക് കയറും. സീറ്റ് കിട്ടിയില്ല എന്ന നിരാശയിൽ ചിലർ പുറത്തുനിൽക്കുകയും ചെയ്യേണ്ടിവരുന്നത് ഇങ്ങനെയാണ്.

വെല്ലുവിളിയായത് ബോണസ് പോയിന്റുകൾ
പ്ലസ് വൺ പ്രവേശനത്തിന്റെ ഗതിയാകെ മാറ്റിമറിച്ചത് ബോണസ് പോയിന്റുകളാണ്. പാഠ്യേതരപ്രവർത്തനങ്ങൾക്ക് ലഭിക്കുന്നതാണ് ബോണസ് പോയിന്റുകൾ. അതായത്, കഷ്ടപ്പെട്ട് പഠിച്ച് നേടിയ മാർക്ക് ഇഷ്ടവിഷയവും ഇഷ്ടപ്പെട്ട സ്കൂളും കിട്ടാനുള്ള മാനദണ്ഡമല്ലെന്ന് സാരം. ബോണസ് പോയിന്റുകൾക്കൊപ്പം താമസിക്കുന്ന പഞ്ചായത്തിന്റെ അടിസ്ഥാനത്തിലുള്ള വെയിറ്റേജും സ്വന്തം സ്കൂളിന്റെ വെയിറ്റേജും ഒക്കെയുണ്ട്.

മുഴുവൻ എ പ്ലസ് ഉണ്ടായിട്ടും ഈ ആനുകൂല്യങ്ങൾ ഇല്ലാത്തവരാണ് വിഷമത്തിലായത്.

പഠിച്ചത് പണം കൊടുക്കാനോ ?
ഫുൾ എ പ്ലസുകാർ മാനേജ്മെന്റ് സീറ്റിന് ഓടുന്ന പരിതാപകരമായ കാലം മുമ്പുണ്ടായിട്ടില്ല. വൻതുക സംഭാവനയും നൽകേണ്ടിവരുന്നു. പഠിച്ചത് ഇങ്ങനെ പണം കൊടുക്കാനാണോ എന്ന്് കുട്ടികൾ രക്ഷിതാക്കളോട് ചോദിക്കുന്ന സ്ഥിതി ഉണ്ടായിട്ടുമുണ്ട്. കുട്ടികളുടെ മാർക്കും നിലവാരവും അറിഞ്ഞ് പണം വാങ്ങാതെ പ്രവേശനം കൊടുത്ത സ്കൂളുകളുമുണ്ട്.

പ്രതീക്ഷ സപ്ലിമെന്ററി പട്ടികയിൽ
രണ്ടാംഘട്ട അലോട്ട്മെന്റ് പട്ടികയിൽ ഇടംപിടിച്ചവർക്ക് പ്രവേശനം നേടാൻ 21 വരെ സമയമുണ്ട്്. ഈ തീയതി കഴിഞ്ഞാലും ജില്ലയിൽ ഇപ്പോഴുള്ള പ്രതിസന്ധി മാറുമോ എന്ന് സംശയമാണ്. കമ്യൂണിറ്റി സീറ്റുകളിലെ പ്രവേശനം, സംവരണ സീറ്റുകളിലെ ഒഴിവുകൾ എന്നിവയ്ക്ക് അനുസരിച്ചാണ് ഇനിയുള്ള സാധ്യതകൾ. സപ്ലിമെന്ററി പട്ടിക വരുമ്പോൾ അതിൽ കയറിപ്പറ്റാം എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ നിരാശയിലുള്ള കുട്ടികളും രക്ഷിതാക്കളും.

സയൻസ് വിഭാഗത്തിലേക്കാണ് പരമാവധിപേരും ശ്രമിക്കുന്നത്. കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ ഉയർന്ന ഗ്രേഡുകാർക്ക് ഇപ്പോൾ പ്രവേശനം കിട്ടുന്നുണ്ട്. സി.ബി.എസ്.ഇ. വിദ്യാർഥികൾക്ക്്് ബോണസ് പോയിന്റിന്റെ ആനുകൂല്യം കുറവായതിനാൽ അവരും വലിയ ആശങ്കയിലാണ്. മാനേജ്മെന്റ് സീറ്റുകൾക്ക്് മുമ്പില്ലാത്തവിധം ഇക്കുറി ജില്ലയിലെ എയ്ഡഡ് സ്കൂളുകളിൽ തിരക്കേറിയിട്ടുണ്ട്്. താത്പര്യമില്ലാത്ത കോഴ്സുകളിൽ പ്രവേശനം കിട്ടിയവർക്ക് 25-ന് ഇറങ്ങുന്ന സപ്ലിമെന്ററി അലോട്ട്മെന്റിൽ അപേക്ഷിക്കാനാകില്ല എന്നതാണ് മറ്റൊരു ആശങ്ക. കാരണം ഇതുവരെ പ്രവേശനം കിട്ടാത്തവർക്കാണ് അപേക്ഷിക്കാനാകുക.

പോയിന്റ് വരുന്ന വഴികൾ(പരമാവധി 10 പോയിന്റ് മാത്രമേ അനുവദിക്കൂ)
ജോലിക്കിടെ മരിച്ച ജവാന്റെ മക്കൾ: അഞ്ച്വിമുക്തഭടന്മാരുടെ മക്കൾ: മൂന്ന്എൻ.സി.സി., സ്കൗട്ട്, ഗൈഡ്സ്, നീന്തൽ, സ്റ്റുഡന്റ് പോലീസ്: രണ്ട്ലിറ്റിൽ കൈറ്റ്സ് എ ഗ്രേഡ്: ഒന്ന്അതേ സ്കൂളിൽ പഠിച്ചവർ: രണ്ട്സ്കൂളിന്റെ പഞ്ചായത്ത്/നഗരസഭാപരിധിയിൽപ്പെട്ടവർ: രണ്ട്സ്കൂൾ സ്ഥിതിചെയ്യുന്ന താലൂക്ക് പരിധിയിൽപ്പെട്ടവർ: ഒന്ന്സംസ്ഥാന സിലബസിൽ പഠിച്ചവർ: മൂന്ന്

ഇതിൽ എൻ.സി.സി., സ്കൗട്ട്, ഗൈഡ്സ്, നീന്തൽ, സ്റ്റുഡന്റ് പോലീസ്, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയവയുടെ ബോണസ് പോയിന്റുകൾ ഉള്ളവരുടെ എണ്ണം ജില്ലയിൽ കൂടുതലുള്ളതായാണ് വിവരം. സ്കൂൾ അടഞ്ഞുകിടന്ന സമയത്ത് ഇത്തരം ക്ലബ്ബുകളുടെ പ്രവർത്തനം കാര്യമായി നടന്നിരുന്നില്ല. എന്നാൽ, അവയുടെ പേരിലും ബോണസ് പോയിന്റുകൾ വന്നതോടെ പ്രതിസന്ധിയുടെ ആഴം കൂടുകയായിരുന്നു. സ്കൂളുകൾ പ്രവർത്തിക്കാതിരുന്ന കാരണം പറഞ്ഞാണ് എസ്.എസ്.എൽ.സി. പരീക്ഷയിൽ ഈ പ്രവർത്തനങ്ങൾക്ക് വർഷങ്ങളായി നൽകിവന്നിരുന്ന ഗ്രേസ് മാർക്ക് നൽകാതിരുന്നത്. ഗ്രേസ് മാർക്ക് നൽകിയിരുന്നെങ്കിൽ എ പ്ലസുകാരുടെ എണ്ണം ഇപ്പോഴുള്ളതിലും കൂടുകയും ചെയ്തേനേ.

നിരാശയോടെ കുട്ടികൾ പറയുന്നു..
അവിട്ടത്തൂർ, ആളൂർ, നാഷണൽ, എസ്.എൻ., ബോയ്സ്, ശ്രീകൃഷ്ണ എന്നീ സ്കൂളുകളിൽ പ്ലസ്വണ്ണിന് അപേക്ഷിച്ചിരുന്നു. ഇതുവരെ എവിടെയും കിട്ടിയില്ല. സയൻസ് ഗ്രൂപ്പ് എടുക്കാനാണ് ആഗ്രഹം. അവിട്ടത്തൂർ സ്കൂളിലാണ് പഠിച്ചത്. അവിടെത്തന്നെ പ്ലസ്ടുവിന് പഠിക്കാനാണ് താത്പര്യം. പക്ഷേ, കിട്ടണ്ടേ. -ജഫറി ജോഷി, ഫുൾ എപ്ലസ്, അവിട്ടത്തൂർ

എനിക്ക് ഒൻപത് എ പ്ലസും ഒരു 'എ'യുമടക്കം 92 ശതമാനം മാർക്കുണ്ട്. എന്നിട്ടും വടക്കാഞ്ചേരി ദേശമംഗലത്താണ് സീറ്റ് കിട്ടിയത്. അതും രണ്ടാം അലോട്ട്മെന്റിൽ. കിട്ടിയത് ഇഷ്ടവിഷയവുമല്ല. ചാലക്കുടിയിലും സമീപപ്രദേശങ്ങളിലുമെല്ലാം ഓപ്ഷൻ വെച്ചെങ്കിലും ഒരുസ്ഥലത്തും കിട്ടിയില്ല. ഇനി എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുകയാണ്. 65 കിലോമീറ്റർ ദൂരെയാണ് ഇനി പഠിക്കേണ്ടത്.-എസ്. ഗൗരി , ചാലക്കുടി

നാല് വിഷയത്തിൽ എ പ്ലസും 74 ശതമാനം മാർക്കുമുണ്ടായിട്ടും രണ്ട് അലോട്ട്മെന്റുകളിലും സീറ്റ് ലഭിച്ചില്ല. ഏകജാലകത്തിനു പുറമേ എസ്.എസ്.എൽ.സി.ക്കു പഠിച്ച സ്കൂളിൽ ഉൾപ്പെടെ മാനേജ്മെന്റ് ക്വാട്ടയിലും അപേക്ഷ നൽകിയെങ്കിലും സീറ്റ് കിട്ടിയില്ല. ഒരുവർഷം നഷ്ടപ്പെടുന്നത് ചിന്തിക്കാൻ വയ്യ.-സി.എസ്. ദേവിക, ഒരുമനയൂർ

17 സ്കൂളുകളിലേക്ക് ഓപ്ഷൻ നൽകിയിരുന്നു. ജി.എച്ച്.എസ്.എസ്. എരുമപ്പെട്ടിയിൽ സയൻസ് ഗ്രൂപ്പിലേക്കാണ് പ്രഥമ പരിഗണന കൊടുത്തിരുന്നത്. 17-ാമത്തെ സ്കൂളിലേക്ക് ഹ്യുമാനിറ്റീസിനും കൊമേഴ്സിനും ഓപ്ഷൻ കൊടുത്തിട്ടുണ്ട്. അതത് പഞ്ചായത്തുകളിലും സ്കൂളുകളിലും ഉള്ളവർക്ക് കൂടുതൽ ബോണസ് പോയിന്റ് ലഭിച്ചത് ഗുണമായി. സപ്ലിമെന്ററി ഓപ്ഷനിൽ കൊടുത്താലും ഇനി സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷയില്ല. -ശിഖാരാജ്, തയ്യൂർ

കാത്തിരിക്കാം, പ്രശ്നം മാറും
നവംബർ 25 വരെ നീളുന്ന ഒരു പ്രക്രിയയാണ് പ്ലസ് വൺ പ്രവേശനം. ഇക്കൊല്ലം കൂടുതൽ കുട്ടികൾക്ക് ഫുൾ എപ്ലസ് കിട്ടിയത് ഒരു തള്ളൽ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ ആശങ്ക വേണ്ടാ. ഒരു കുട്ടിക്കുപോലും ജില്ലയിൽ പ്രവേശനം കിട്ടാതെ പോവില്ല.- ടി.വി. മദനമോഹനൻ, വിദ്യാഭ്യാസ ഉപഡയറക്ടർ.