national
കശ്മീരില്‍ ആറ് ദിവസത്തിനിടെ തടവിലാക്കിയത് 700 പേരെ; ഭീകരവാദ അനുഭാവികളെന്ന് സുരക്ഷാ സേന
കശ്മീരില്‍ കഴിഞ്ഞ ദിവസങ്ങളിലായി അരങ്ങേറിയ അക്രമങ്ങളില്‍ സാധാരക്കാര്‍ കൊല്ലപ്പെട്ട സംഭവങ്ങള്‍ക്ക് പിന്നാലെ വ്യാപക അറസ്റ്റ്. ആറ് ദിവസത്തിനിടെ കശ്മീരി പണ്ഡിറ്റ്, സിഖ്, മുസ്‌ലിം സമുദായക്കാര്‍ ഉള്‍പ്പെടെ ഏഴ് സാധാരണക്കാര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് നടപടി. എഴുന്നോറോളം പേരെയാണ് ഒരാഴ്ചയ്ക്കിടെ സുരക്ഷാ സേന പിടികൂടിയത് എന്നാണ് റിപ്പോര്‍ട്ട്.
തടവിലാക്കപ്പെട്ടത് നിരോധിത ജമാഅത്തെ ഇസ്ലാമി, പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് ഭീകര സംഘടനകള്‍ എന്നിവയുമായി ബന്ധമുള്ളവരാണ് പിടിയിലുള്ളതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ശ്രീനഗര്‍, ബുദ്ഗാം, കശ്മീരിന്റെ തെക്കന്‍ മേഖലകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളരാണ് പിടിയിലായത്.
കശ്മീര്‍ താഴ്വരയില്‍ നടക്കുന്ന ആക്രമണങ്ങളുടെ തുടര്‍ച്ച ഇല്ലാതാക്കാനാണ് നടപടിയെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തില്‍ വന്നതിന് ശേഷം കശ്മീര്‍ മേഖലയില്‍ തീവ്രവാദത്തിന്റെ വര്‍ദ്ധനവാണ് ആക്രമണങ്ങള്‍ക്ക് പ്രചോദനമെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. അക്രമികള്‍ എളുപ്പമുള്ള ലക്ഷ്യങ്ങള്‍ എന്ന നിലയിലാണ് സാധാരണക്കാരെ ലക്ഷ്യമിടുന്നത് എന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ലഷ്‌കറെ തയ്ബയുടെ ഉപഘടകമായ 'ദ് റെസിസ്റ്റന്‍സ് ഫ്രണ്ട്' ആണ് മിക്ക ആക്രമണങ്ങള്‍ക്കും പിന്നിലെന്നാണ് സുരക്ഷാ സേനയുടെ നിലപാട് എന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ വര്‍ഷം ഇതുവരെ വിവിധ അക്രമ സംഭവങ്ങളിലായി 28 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ചയായിരുന്നു ഏറ്റവും അവസാനം ആക്രമണം ഉണ്ടായത്. ശ്രീനഗറിലെ സ്‌കൂളിലായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ആയുധധാരികളുടെ വെടിയേറ്റ് സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരായ സുപുന്ദര്‍ കൗര്‍, ദീപക് ചന്ദ് എന്നിവര്‍ കൊല്ലപെടുകയും ചെയ്തു. ചൊവ്വാഴ്ചയും ശ്രീനഗറില്‍ വെടിവെയ്പ്പുണ്ടായിരുന്നു. നഗരത്തിലെ ഇക്ബാല്‍ പാര്‍ക്കിലെ ഫാര്‍മസി ഉടമ മഖാന്‍ ലാല്‍ ബിന്ദ്രൂ (70) എന്നയാളാണ് അദ്ദേഹത്തിന്റെ സ്റ്റോറിനുള്ളില്‍ വച്ച് വെടിയേറ്റു മരിച്ചു. അക്രമ സംഭവങ്ങളില്‍ വലിയ പ്രതിഷേധവും അരങ്ങേറിയിട്ടുണ്ട്. ആക്രമണങ്ങള്‍ തടയുന്നതില്‍ ഭരണകൂടങ്ങള്‍ പരാജയപ്പെട്ടെന്നാണ് ഉയരുന്ന ആരോപണം. ഭരണകൂടത്തിന്റെ കഴിവില്ലായ്മയാണ് ആക്രമണങ്ങള്‍ക്ക് കാരണമാണ് എന്നാണ് പ്രതിപക്ഷ നേതാക്കളുടെ വിമര്‍ശനം.