
national
കശ്മീരില്‍ തിരിച്ചടി നല്‍കി സെെന്യം; 24 മണിക്കൂറിനിടെ വധിച്ചത് അഞ്ച് ഭീകരരെ
ജമ്മു കാശ്മീരില്‍ ഭീകരര്‍ക്ക് തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം. തെക്കന്‍ കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് എന്‍കൗണ്ടറുകളിലായി അഞ്ച് ഭീകരരെ സൈന്യം വധിച്ചു. കഴിഞ്ഞ ആഴ്ച പ്രദേശിവാസികള്‍ കൊലപ്പെട്ട ഭീകരാക്രമണങ്ങളില്‍ പങ്കുള്ളതായി കരുതപ്പെടുന്ന ദി റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ (ടിആര്‍എഫ്) മുന്ന് അനുബന്ധ സംഘടനാംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് ജമ്മു കാശ്മീര്‍ പൊലീസ് അറിയിച്ചു. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം.
പ്രദേശത്തുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ ജനവാസ കേന്ദ്രത്തില്‍ ഒളിച്ചിരുന്ന തീവ്രവാദികള്‍ കീഴടങ്ങാന്‍ വിസമ്മതിച്ചതോടെ സെെന്യം ആക്രമിക്കുകയായിരുന്നു.ഭീകരരെ കീഴ്‌പ്പെടുത്താനായി സൈന്യം സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതോടെ വീടുകള്‍ക്കും സമീപത്തുള്ള കെട്ടിടങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. രണ്ട് ചെറുകിട വ്യാപാര സ്ഥാപനങ്ങളും അഗ്നിക്കിരയായി.
കൊല്ലപ്പെട്ട മൂന്ന് ഭീകരില്‍ ഒരാള്‍ ഗന്ധര്‍ബാല്‍ സ്വദേശിയായ മുഖ്താര്‍ ഷായാണെന്ന് തിരിച്ചറിഞ്ഞു. ദിവസങ്ങള്‍ക്ക് മുന്‍പ് ജമ്മുവില്‍ ബീഹാര്‍ സ്വദേശിയെ കൊലപ്പെടുത്തിയത് ഇയാളാണെന്നാണ് പൊലീസിന്റെ റിപ്പോർട്ട്. മണിക്കൂറുകള്‍ക്ക് ശേഷം ഷോപിയാനിലെ ഫെരിപോറ മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരരെ കൂടി സെെന്യം വധിച്ചത്.
കഴിഞ്ഞദിവസം ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊട്ടാരക്കര ഓടനാവട്ടം സ്വദേശി എച്ച് വെെശാഖുള്‍പ്പടെ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സൂറന്‍കോട് മേഖലയില്‍ ഭീകരര്‍ നുഴഞ്ഞുകയറിയതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരർ ആക്രമിക്കുകയായിരുന്നു. പ്രദേശത്ത് ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിനുനേരെ നടത്തിയ വെടിവെപ്പിലാണ് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും മറ്റ് നാല് സൈനികരും കൊല്ലപ്പെട്ടത്.
ഒരിടവേളയ്ക്കുശേഷം അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘനത്തിന് മുതിര്‍ന്നതിന് പിന്നാലെയാണ് കശ്മീര്‍ താഴ്വരയില്‍ തീവ്രവാദ ആക്രമണങ്ങളും വര്‍ദ്ധിക്കുന്നത്. കഴിഞ്ഞ ആഴ്ച മാത്രം ഏഴ് പ്രദേശവാസികളാണ് ഭീകരാക്രമണത്തില്‍ മരണപ്പെട്ടത്. ആക്രമണപരമ്പരകളുടെ പശ്ചാത്തലത്തില്‍ തീവ്രവാദികളോട് അനുഭാവമുള്ള 900 പേരെ സെെന്യം തടവിലാക്കിയിട്ടുണ്ട്.