Ernakulam
മാലിന്യം നിക്ഷേപിക്കുന്നത് ചോദ്യംചെയ്തു; കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലറെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി
കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ക്കെതിരെ വധശ്രമമെന്ന് പരാതി. പൊതുവഴിയില്‍ മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്തതിന് വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് 68-ാം ഡിവിഷന്‍ കൗണ്‍സിലര്‍ മിനി ദീലീപ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. ഇന്നുരാവിലെയായിരുന്നു പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. ഭര്‍ത്താവിനൊപ്പം പ്രഭാത സവാരിക്ക് ഇറങ്ങിയ കൗണ്‍സിലര്‍ വഴിയരികില്‍ മാലിന്യം നിക്ഷേപിക്കുന്നത് കണ്ട് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ ക്ഷുഭിതനായ ഓട്ടോ ഡ്രൈവര്‍ മിനിയെയും ഭര്‍ത്താവിനെയും വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതി.
രണ്ടുമാസത്തിനിടെ ഇത് മൂന്നാമത്തെ വനിത കൗണ്‍സിലാണ് സമാനപരാതിയുമായി രംഗത്തെത്തുന്നത്. നേരത്തെ വഴിയരികില്‍ മാലിന്യം തള്ളിയത് ചോദ്യം ചെയ്ത കടവന്ത്ര കൗണ്‍സിലര്‍ സുജാ ലോനപ്പന്റെ ഭര്‍ത്താവിനെ കാറിടിച്ച് അപായപ്പെടുത്തതാന്‍ ശ്രമം നടന്നതായും പരാതി ഉയർന്നിരുന്നു. കടവന്ത്ര 57-ാം ഡിവിഷനില്‍ അമലാ ഭവന്‍ റോഡില്‍ മാലിന്യം തള്ളിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ലോനപ്പന് നേരെ അക്രമം ഉണ്ടായതെന്നായിരുന്നു ആരോപണം.