Headlines
Loading...
എഴുപതിന്റെ നിറവില്‍ മമ്മൂട്ടിക്ക് സമ്മാനമായി മ്യൂസിക് ആല്‍ബം; മഹാനടന് ഏഴുഭാഷകളിലായി ഒരു ദൃശ്യോപകാരം

എഴുപതിന്റെ നിറവില്‍ മമ്മൂട്ടിക്ക് സമ്മാനമായി മ്യൂസിക് ആല്‍ബം; മഹാനടന് ഏഴുഭാഷകളിലായി ഒരു ദൃശ്യോപകാരം

ഇന്ത്യന്‍ സിനിമ കണ്ട അതുല്യ പ്രതിഭയും മലയാളികളുടെ സ്വന്തം മെഗാസ്റ്റാറുമായ മമ്മൂട്ടിയുടെ എഴുപതാം പിറന്നാളാണ് നാളെ. എഴുപതിന്റെ നിറവിനൊപ്പം മമ്മൂട്ടി തന്റെ അഭിനയ ജീവിതത്തില്‍ 50 വര്‍ഷവും പിന്നിട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിന് ആദരവായി ഏഴ് ഭാഷകളില്‍ ആദ്യമായി ഒരു ആല്‍ബം റിലീസിന് ഒരുങ്ങുകയാണ്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തില്‍ അതുല്യ നിമിഷങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടാണ് ആല്‍ബം ഒരുക്കിയിരിക്കുന്നത്. നാളെ താരത്തിന്റെ എഴുപതാം പിറന്നാള്‍ ദിനത്തില്‍ പ്രമുഖ താരങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ ആല്‍ബം റിലീസ് ചെയ്യും. 

7 ഭാഷകളില്‍ 14 ഗായകരെ അണിനിരത്തിയ ഈ സംഗീത ആല്‍ബം റിലീസിന് തയ്യാറായി. സെലിബ്രിഡ്ജും എഫ്എം സ്റ്റുഡിയോ പ്രൊഡക്ഷനും ചേര്‍ന്ന് ഒരുക്കുന്ന ഈ വീഡിയോ ആല്‍ബം, മമ്മൂട്ടി ഫാന്‍സ് & വെല്‍ഫെയര്‍ ഇന്റര്‍നാഷണലിന്റെ സഹായത്തോടെയാണ് പുറത്തിറങ്ങുന്നത്. ക്രീയേറ്റീവ് ഹെഡ് ഷൗക്കത്ത് ലെന്‍സ്മാന്‍. ദൃശ്യാവിഷ്‌കാരം നിര്‍വഹിച്ചിട്ടുള്ളത് യൂസഫ് ലെന്‍സ്മാനാണ്. പ്രശസ്ത പിന്നണി ഗായകരായ വിജയ് യേശുദാസ്, അഫ്‌സല്‍ ഇസ്മയില്‍, വൈഷ്ണവ് ഗിരീഷ്, സന്നിധാനന്ദന്‍, സച്ചിന്‍ വാര്യര്‍, ഇഷാന്‍ ദേവ്, അജ്മല്‍, മെറില്‍ ആന്‍ മാത്യു, മീനാക്ഷി, ഫിദ ഫാത്തിമ തുടങ്ങിയവരാണ് ആലപിച്ചിരിക്കുന്നത്. 

പ്രശസ്ത ഗാനരചയിതാവും സംസ്ഥാന പുരസ്‌കാര ജേതാവുമായ ബി.കെ ഹരിനാരായണന്‍ (മലയാളം), ഫൗസിയ അബൂബക്കര്‍ (ഉര്‍ദു), സുരേഷ് കുമാര്‍ രവീന്ദ്രന്‍ (തമിഴ്), വിനോദ് വിജയന്‍ (തെലുങ്ക്, കന്നഡ), യഹിയ തളങ്കര (ഉര്‍ദു), ഷാജി ചുണ്ടന്‍ (ഇംഗ്ലീഷ്), അബ്ദുല്‍ അസീസ് (അറബിക്) തുടങ്ങിയവരുടെ രചനയില്‍ പ്രശസ്ത വയലിനിസ്റ്റ് ഫായിസ് മുഹമ്മദ് ആണ് സംഗീതം ഒരുക്കിയത്. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, ഇംഗ്ലീഷ് കൂടാതെ അറബിക് ഭാഷയിലുമാണ് താരരാജാവിനുള്ള സമര്‍പ്പണം. ഗായകര്‍ക്കൊപ്പം പ്രശസ്ത മോഡലും ബാലതാരവുമായ ഇവാനിയ നാഷും കേരളത്തിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും നിരവധി കുട്ടികളും ദുബായ് ജാസ് റോക്കേഴ്‌സിലെ 20 നര്‍ത്തകരും ഈ ആല്‍ബത്തിലുണ്ട്.