രണ്ട് പേര്‍ക്ക് കൂടി നിപ ലക്ഷണങ്ങള്‍; സമ്പര്‍ക്കപ്പട്ടിയില്‍ 158 പേര്‍
കോഴിക്കോട് നിപ വൈറസ് ബാധയെ തുടര്‍ന്ന് പന്ത്രണ്ടുകാരന്‍ മരിച്ചതിന് പിന്നാലെ രണ്ട് പേര്‍ക്ക് കൂടി രോഗ ലക്ഷണങ്ങളെന്ന് റിപ്പോര്‍ട്ട്. നിലവില്‍ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് നിരീക്ഷണത്തിലുള്ള രണ്ട് പേര്‍ക്കാണ് രോഗ ലക്ഷണങ്ങള്‍ ഉള്ളത് എന്നാണ് വിവരം. ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ് ഇരുവരും എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ സ്വകാര്യ ആശുപത്രയിലുള്ള ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളില്‍ തയ്യാറാക്കിയിട്ടുള്ള പ്രത്യേക നിപ വാര്‍ഡിലേക്ക് മാറ്റും. Also
അതിനിടെ, മരിച്ച പന്ത്രണ്ടുകാരന്റെ സമ്പര്‍ക്ക പട്ടിയില്‍ നിലവില്‍ 158 പേര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 20 പേര്‍ക്ക് പ്രാഥമിക സമ്പര്‍ക്കം ഉണ്ടെന്നുമാണ് വിലയിരുത്തുന്നത്. കുട്ടിയുടെ രക്ഷിതാക്കള്‍, ബന്ധുക്കള്‍, പലതവണയായി പ്രവേശിപ്പിക്കപ്പെട്ട ആശുപത്രിയിലെ ജീവനക്കാര്‍ എന്നിവരുള്‍പ്പെട്ടതാണ് സമ്പര്‍ക്കപ്പട്ടിക. കോഴിക്കോട് ഡിഎംഒയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. അതേസമയം പ്രതിരോധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ആലോചിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ കോഴിക്കോട് കലക്ട്രേറ്റില്‍ ഉന്നതതല യോഗം പുരോഗമിക്കുകയാണ്.
അതിനിടെ, മരിച്ച കുട്ടിയുടെ മൃതദേഹം ഖബറടക്കി. കോഴിക്കോട് കണ്ണംപറമ്പ് ജുമാ മസ്ജിദ് ഖബറിസ്ഥാനിലായിരുന്നു ചടങ്ങുകള്‍. മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. രോഗബാധ നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി മരിച്ച കുട്ടിയുടെ വീടിന് മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ നിരീക്ഷണം ശക്തമാക്കി. ഇവിടെയുള്ള റോഡുകള്‍ അടച്ചിട്ടുണ്ട്. ചാത്തമംഗലം പഞ്ചായത്തിന്റെ നാല് വാര്‍ഡുകളിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ കുട്ടിയെ ചികിത്സിച്ച ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരെ നിരീക്ഷണത്തിലേക്ക് മാറ്റുന്നതിലുള്ള നടപടിയും ആരംഭിച്ചുകഴിഞ്ഞു. കുട്ടിയ്ക്ക് നിപ വൈറസ് ബാധയാണ് എന്ന് സ്ഥിരീകരണത്തിന് പിന്നാലെ തന്നെ പ്രദേശത്ത് പൊലീസിന്റെ നേതൃത്വത്തില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാനുള്ള നടപടികളും ആരംഭിച്ചിരുന്നു. ചാത്തമംഗലം പഞ്ചായത്തിലെ നിപ്പ സ്ഥിരീകരിച്ച പഴൂർ വാർഡ് ( വാർഡ് 9 ) അടച്ചു. സമീപ വാർഡുകളായ നായർക്കുഴി, കൂളിമാട്, പുതിയടം വാർഡുകൾ ഭാഗികമായി അടച്ചു. പനി, ചർദ്ദി അടക്കമുള്ള ലക്ഷണമുള്ളവർ ആരോഗ്യ വകുപ്പിനെ അറിയിക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്.
കനത്ത ജാഗ്രതയോടെയാണ് ആരോഗ്യ വകുപ്പ് വിഷയം നോക്കിക്കാണുന്നത്. അതു കൊണ്ടു തന്നെ കുട്ടിയുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താനാണ് ആരോഗ്യ വകുപ്പ് മുന്നോട്ട് പോവുന്നത്. രോഗ ബാധ നിയന്ത്രിക്കാന്‍ ആക്ഷന്‍ പ്ലാന്‍ ഒരുക്കിക്കഴിഞ്ഞതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജും വ്യക്തമാക്കിയിരുന്നു. രോഗ ബാധയുടെ ഉറവിടം കണ്ടെത്താന്‍ പ്രദേശത്തെ ദേശാടന പക്ഷികളുടേയും വവ്വാലുകളുടേയും സാന്നിധ്യം ഉള്‍പ്പെടെയുള്ള പരിശോധനകള്‍ വരുംദിവസങ്ങളില്‍ നടന്നേക്കും. രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലിനാണ് ഇപ്പോള്‍ മുന്‍ കരുതല്‍ നല്‍കുന്നത് എന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. കോഴിക്കോടിന് പുറമെ കണ്ണൂര്‍, മലപ്പുറം ജില്ലകളിലുള്ളവരും ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു. അതിനിടെ, കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചതിന് പിന്നാലെ അതിര്‍ത്തികളില്‍ തമിഴ്‌നാട് നീരീക്ഷണം ശക്തമാക്കി. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ ജില്ലകള്‍ക്കും തമിഴ്‌നാട് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.