
kerala
ഇലക്ട്രിക് വാഹനങ്ങളുടെ സൗജന്യ ചാര്‍ജ്ജിംഗ് സൗകര്യം നിർത്തി കെഎസ്ഇബി
ഇലക്ട്രിക് വാഹനങ്ങളുടെ സൗജന്യ ചാര്‍ജ്ജിംഗ് സൗകര്യം അവസാനിപ്പിച്ച് കെ എ സ്ഇബി .ഇനി മുതൽ യൂണിറ്റിന് 15 രൂപ നിരക്ക് ഈടാക്കാന്‍ റഗുലേറ്ററി കമ്മീഷന്‍റെ അനുമതി ലഭിച്ചു. രണ്ടാഴ്ചക്കുള്ളില്‍ വൈദ്യുതി വാഹനങ്ങളുടെ റീചാർജിംഗിന് നിരക്ക് ഈടാക്കിത്തുടങ്ങും. ആറു മാസത്തിനുള്ളില്‍ 600 ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ കെ എസ് ഇ ബി തയ്യാറെടുക്കുകയാണ്.
ഒരു കാര്‍ ഒരു തവണ പൂര്‍ണമായി ചാര്‍ജ്ജ് ചെയ്യുന്നതിന് 30 യൂണിറ്റ് വൈദ്യുതി വേണ്ടിവരും. എന്നാല്‍ നിലവിലെ ഇന്ധനവില കണക്കിലെടുക്കുമ്പോള്‍ ഇത് ലാഭകരമെന്നാണ് വാഹനമേഖലയിലുള്ളവരുടെ വിലയിരുത്തല്‍. സംസ്ഥാന സര്‍ക്കാരിന്‍റെ ഇ -വെഹിക്കിള്‍ നയപ്രകാരം വൈദ്യുതി ചാര്‍ജ്ജ് സ്ററേഷനുകള്‍ക്കുള്ള നോഡല്‍ ഏജന്‍സിയായി കെ എസ് ഇ ബി യെ തെരഞ്ഞെടുത്തിട്ടുണ്ട്.
6 കോര്‍പ്പറേഷന്‍ പരിധികളില്‍ ഇതിന്‍റെ ഭാഗമായി കെ എസ് ഇ ബി ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 56 സ്റ്റേഷനുകളുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. വൈദ്യുതി വാഹനങ്ങളുടെ പ്രോത്സാഹനം ലക്ഷ്യമിട്ട് റീചാര്‍ജ്ജിംഗ് സൗജന്യമാക്കിയിരുന്നു. ഇതവസാനിപ്പിക്കുകയാണെന്ന് കെഎസ്ഇബി വ്യക്തമാക്കി.