
national
വാക്‌സിനെടുത്തവര്‍ക്ക് ആര്‍ടിപിസിആര്‍ വേണ്ട, പിപിഇ കിറ്റ് നിര്‍ബന്ധമില്ല; ആഭ്യന്തരയാത്രകള്‍ക്ക് ഇളവ്
സംസ്ഥാനങ്ങളില്‍ വിവിധ നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ ആഭ്യന്തര യാത്രാ മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പുതുക്കി. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് രോഗലക്ഷണങ്ങളില്ലാത്തവര്‍ക്ക് ഇനി മുതല്‍ യാത്ര ചെയ്യാം. ആഭ്യന്തര വിമാന യാത്രയില്‍ പിപിഇ കിറ്റും വേണമെന്ന വ്യവസ്ഥയും ഒഴിവാക്കി. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച രോഗലക്ഷണങ്ങ ളില്ലാത്തവര്‍ക്ക് ആഭ്യന്തര യാത്ര ചെയ്യുന്നതിന് ഇനി നിയന്ത്രണമുണ്ടാവില്ല.
ഇത്തരത്തിലുള്ള യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് എന്നിവ നിര്‍ബന്ധമാക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ പുതുക്കിയ മാര്‍ഗ നിര്‍ദേശം. ചില സംസ്ഥാനങ്ങള്‍ പ്രത്യേകം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും അവസാനിപ്പിക്കുന്നതോടെ സംസ്ഥാനാന്തര യാത്രക്കും വിലക്കുണ്ടാകില്ല.
അതേസമയം ഇപ്രകാരം എത്തുന്ന യാത്രക്കാരുടെ ക്വാറന്റീന്‍ വ്യവസ്ഥകള്‍ അതത് സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം. ആഭ്യന്തര യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തരുതെന്നും സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. കര്‍ണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങള്‍ ആര്‍ടിപിസിആര്‍ പരിശോധനാഫലം വേണമെന്ന് ആവശ്യപ്പെടുകയും പ്രത്യേകം മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും ചെയ്തത് കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. പുതുക്കിയ മാര്‍ഗനിര്‍ദേശം പ്രാബല്യത്തില്‍ വരുന്നതോടെ ഇതും അവസാനിക്കും. ആഭ്യന്തര വിമാനയാത്രയില്‍ ഇടയിലെ സീറ്റില്‍ ഇരിക്കുന്നവര്‍ക്ക് പിപിഇ കിറ്റ് വേണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്.