kerala
‘ഇരട്ട വോട്ട് വിവാദവുമായി ബന്ധമില്ല’; സ്ഥാനമാറ്റം തന്റെ ആവശ്യ പ്രകാരമെന്ന് ടിക്കാറാം മീണ
തന്റെ ആവശ്യപ്രകാരമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥാനത്ത് നിന്നും മാറ്റിയതെന്ന് ടിക്കാറാം മീണ. സ്ഥാനമാറ്റത്തിന് ഇരട്ടവോട്ട് വിവാദവുമായി യാതൊരു ബന്ധവുമില്ല. വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് ചോര്‍ന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് പരാതി നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
വോടര്‍ പട്ടിക എങ്ങനെ ചോര്‍ന്നെന്ന് പറയാനാകില്ല. തെരഞ്ഞെടുപ്പ കമ്മീഷന്റെ തീരുമാനപ്രകാരമാണ് പരാതി നല്‍കിയത്. അത് എങ്ങനെ ചോര്‍ന്നെന്ന് കണ്ടെത്തേണ്ടത് അന്വേഷണ സംഘമാണെന്നും പറഞ്ഞ മീണ രമേശ് ചെന്നിത്തലയുടെ വാദത്തോട് പ്രതികരിക്കാന്‍ ഇല്ലെന്നും അഭിപ്രായപ്പെട്ടു. വോട്ടര്‍ പട്ടിക വെബ് സൈറ്റില്‍ നിന്നും ശേഖരിച്ചു എന്നായിരുന്നു മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാദം.
സഞ്ജയ് കൗളിനെയാണ് പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി നിയമിച്ചിരിക്കുന്നത്. അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കിലുള്ള മീണയെ ആസൂത്രണ–സാമ്പത്തികകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന വോട്ടര്‍ പട്ടിക ചോര്‍ച്ച വിവാദമാണ് ടിക്കാറാം മീണയെ വിവാദത്തിലേക്കെത്തിച്ചത്. ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയെങ്കിലും മീണയെ മാറ്റാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെയാണ് മാറ്റം.