ഒ ജി ശാലിനിയെ സെക്രട്ടറിയേറ്റിന് പുറത്തേക്ക് സ്ഥലം മാറ്റി; പകരം നിയമനം ആര്‍ആര്‍ ബിന്ദുവിന്
മരം മുറിയുമായി ബന്ധപ്പെട്ട ഫയലുകള്‍ വിവരാവകാശ നിയമ പ്രകാരം കൈമാറിയ അണ്ടര്‍സെക്രട്ടറി ഒ ജി ശാലിനിക്കെതിരെ വീണ്ടും നടപടി. ശാലിനിയെ റവന്യൂ വകുപ്പില്‍ നിന്നും മാറ്റി ഉത്തരവിട്ടു. പൊതുവിദ്യാഭ്യാസ വകുപ്പിലേക്കാണ് ശാലിനിയെ മാറ്റിയത്. പകരം ആര്‍ ആര്‍ ബിന്ദുവിനെ റവന്യൂ വകുപ്പില്‍ നിയമിച്ചുകൊണ്ട് ഉത്തരവിറക്കി.
ശാലിനിയെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയിലേക്കാണ് നിയമിച്ചത്. നേരത്തെ ശാലിനിക്ക് നല്‍കിയ ഗുഡ് സര്‍വ്വീസ് എന്‍ട്രി സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. പിന്നാലെയാണ് സെക്രട്ടറിയേറ്റിന് പുറത്തേക്ക് സ്ഥലം മാറ്റി കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
ജോലിയോടുള്ള ആത്മാര്‍ത്ഥതയും സമര്‍പ്പണ മനോഭാവവും മാത്യകയാണെന്ന് കാട്ടി ഇറക്കിയ ഉത്തരവാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ ജയതിലക് റദ്ദാക്കിയത്. അദ്ദേഹം തന്നെയായിരുന്നു നേരത്തെ ഗുഡ് സര്‍വ്വീസ് എന്‍ട്രി ഉത്തരവ് ഇറക്കിയതും. എന്നാല്‍ ഇക്കാര്യത്തെകുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ പ്രതികരണം.