kerala
കടയ്ക്കാവൂര്‍ വ്യാജ പോക്‌സോ കേസ്: ലോക്കല്‍ പൊലീസിനെതിരെ നടപടി വേണമെന്ന് മാതാവ്
കടയ്ക്കാവൂര്‍ വ്യാജ പോക്‌സോ കേസില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മാതാവ്. ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയെ ഭര്‍ത്താവിന് വിട്ട് നല്‍കിയാല്‍ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ് പിന്‍വലിക്കാമെന്ന് അന്നത്തെ കടയ്ക്കാവൂര്‍ എസ്‌ഐ പറഞ്ഞു എന്നാണ് യുവതിയുടെ പ്രതികരണം. കടയ്ക്കാവൂര്‍ പൊലീസ് മോശമായി പെരുമാറിയെന്നും ആരോപണ വിധേയ മാധ്യമങ്ങളോട് പ്രതികരിച്ചു.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം കുറ്റകൃത്യം നടന്നു എന്ന നിഗമനത്തില്‍ എത്താനാവില്ലെന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയുടെ പ്രതികരണം. കുട്ടിയുടെ മൊഴിയല്ലാതെ അമ്മയ്ക്ക് എതിരെ മറ്റൊരു തെളിവുമില്ല. സാക്ഷി മൊഴികളിലും മെഡിക്കല്‍ റിപ്പോര്‍ട്ടിലും പീഡനം നടന്നതിന് തെളിവില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി തുടര്‍ നടപടികള്‍ അവസാനിപ്പിക്കാനാണ് ശുപാര്‍ശ. അന്വേഷണം പൂര്‍ത്തിയാക്കി തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ പൊലീസ് തിരുവനന്തപുരം പോക്സോ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
അതേസമയം, കേസ് അവസാനിപ്പിക്കാന്‍ ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടില്‍ മകനെ മാത്രമാണ് കുറ്റപ്പെടുത്തുന്നതെന്നും യുവതി ആരോപിച്ചു. കുട്ടിയുടെ മൊഴിയ്ക്ക് കാരണമായ പിതാവിന്റെ പ്രേരണയെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ലോക്കല്‍ പൊലീസിനെതിരെ നടപടി വേണമെന്നും അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. പിന്നാലെയാണ് പൊലീസ് ഇടപെടലിനെ കുറിച്ച് യുവതി പ്രതികരിച്ചത്.
മൂന്നാമത്തെ കുട്ടിയെ പിതാവിന് വിട്ട് നല്‍കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. അന്വേഷണത്തിനിടെ മോശമായ പെരുമാറ്റമാണ് പൊലീസില്‍ നിന്നും നേരിട്ടത്. കുട്ടിയെ വിട്ടു നല്‍കിയാല്‍ കേസ് പിന്‍വലിക്കാമെന്ന് കടയ്ക്കാവൂര്‍ എസ്‌ഐ പറഞ്ഞു. കേസ് അന്വേഷിച്ച പുതിയ സംഘമാണ് തന്നെ കുറ്റ വിമുക്തയാക്കിയതെന്നും യുവതി മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. കോടതി കുറ്റവിമുക്തയാക്കുന്ന ഉത്തരവിനായി കാത്തിരിക്കുന്നു. കള്ള കേസുണ്ടാക്കിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.